Related Stories















Jul 21, 2025 02:16 PM

( www.truevisionnews.com) ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവിന്‍റെ വാദങ്ങൾ പച്ചക്കള്ളമെന്ന് അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള. എപ്പോഴും മദ്യപിക്കുന്ന ആളല്ല എന്ന സതീഷിന്റെ വാദത്തെ എതിർത്താണ് രാജശേഖരൻ പിള്ള സതീഷിന്റെ ക്രൂരതകളെ കുറിച്ച് മനസുതുറന്നത്‌.

തന്‍റെ മകളെ താലി കെട്ടാൻ നേരത്തുപോലും മദ്യപിച്ചിട്ടാണ് സതീഷ് കതിർ മണ്ഡപത്തിൽ കയറിയതെന്ന് രാജശേഖരൻ പിള്ള പറഞ്ഞു. മദ്യപാനവും മകൾക്ക് നേരെയുള്ള ഉപദ്രവും സീരിയൽ പോലെ തുടർന്നെന്നും ഇപ്പോൾ പരിസമാപ്തിയായെന്നും അദ്ദേഹം പറഞ്ഞു. തിരുത്താൻ പലവട്ടം ശ്രമിച്ചു. മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഒരു ഘട്ടത്തിലും മാറ്റമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ തെളിവുകൾ ഉണ്ട്. മകളുടെ മൃതശരീരം വിട്ട് കിട്ടാൻ ഇന്ത്യൻ എംബസിയെയും നോർക്കയേയും സമീപിച്ചിട്ടുണ്ടെന്നും രാജശേഖരൻ പിള്ള പറഞ്ഞു. അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്നും എന്നാൽ അതുല്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും സതീഷ് ഇന്നലെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഷാർജയിലെ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കൊല്ലം ചവറ സ്വദേശിനി അതുല്യയെ കണ്ടെത്തിയത്.

അതേസമയം, ഷാര്‍ജയില്‍ കൊല്ലം സ്വദേശി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നതായി കമ്പനി സതീഷിന് രേഖാമൂലം കത്ത് നല്‍കി. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.

അതേസമയം അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. പാസ്‌പോര്‍ട്ട് ഷാര്‍ജ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കവേയായിരുന്നു മരണം. പിന്നാലെ സതീഷ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

പിന്നാലെ കുടുംബത്തിന്റെ പരാതിയില്‍ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബം പറയുന്നത്. അതേസമയം അതുല്യ ആത്മഹത്യ ചെയ്യില്ലെന്നാണ് സതീഷും പറയുന്നത്. ഒന്നുകില്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും അല്ലെങ്കില്‍ കൊലപാതകമാകമാണെന്ന സംശയമുണ്ടെന്നും സതീഷ് പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് സതീഷ് പറഞ്ഞു.

atulya death sharjah her father response her husband claims

Next TV

Top Stories










//Truevisionall