കൃഷ്ണപിള്ളയും ഇഎംഎസും പത്രോസും എവിടെ? ലോക്കപ്പിലിട്ട് കലിതീർത്ത് പൊലീസ്; മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു, മറവ് ചെയ്യാൻ നേരം വി എസിന്റെ പുനർജന്മം

കൃഷ്ണപിള്ളയും ഇഎംഎസും പത്രോസും എവിടെ? ലോക്കപ്പിലിട്ട് കലിതീർത്ത് പൊലീസ്; മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു, മറവ് ചെയ്യാൻ നേരം വി എസിന്റെ പുനർജന്മം
Jul 21, 2025 07:53 PM | By Athira V

( www.truevisionnews.com ) ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ കുന്തമുനയായിരുന്നു വി എസ് അച്യുതാനന്ദൻ. കൂലിക്കും വേലയ്ക്കുമായി ആരംഭിച്ച തൊഴിലാളി പ്രക്ഷോഭം തിരുവിതാംകൂറിലെ ദിവാൻ ഭരണം അവസാനിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് പാർടിയുടെ ലക്ഷ്യത്തിന്റെ ഭാ​ഗമായി. ദിവാൻ സർ സി പി രാമസ്വാമി അയ്യർ അമ്പലപ്പുഴ- ചേർത്തല താലൂക്കുകളിലാകെ ഭീകരത അഴിച്ചുവിട്ടിരുന്നു. സ്ത്രീകളും അതിക്രമങ്ങൾക്കിരയായി. ഈ ഘട്ടത്തിലാണ് ദിവാന്റെ പൊലീസിനെയും പട്ടാളത്തെയും നേരിടാൻ തൊഴിലാളികളെ സജ്ജരാക്കാൻ വി എസും പി കെ ചന്ദ്രാനന്ദനും എം ടി ചന്ദ്രസേനനും എം കെ സുകുമാരനുമൊക്കെ നിയുക്തരായത്. പട്ടാളത്തിൽനിന്ന് തിരിച്ചെത്തിയ വി കെ കരുണാകരനെപ്പോലുള്ളവർ വാരിക്കുന്തമുണ്ടാക്കി പരിശീലനത്തിന് വേദിയൊരുക്കി.

പുന്നപ്ര വയലാർ സമരത്തിന്റെ ഭാഗമായി പൊലീസുമായി ആദ്യ ഏറ്റുമുട്ടൽ നടന്ന പുന്നപ്ര പ്രദേശത്ത് മൂന്ന് ക്യാമ്പുകളുണ്ടായിരുന്നു; പനയ്ക്കൽ ക്യാമ്പ്, വേലിക്കകത്ത് ക്യാമ്പ്, വാടയ്ക്കൽ ക്യാമ്പ്. ഇവയുടെ ചുമതല വി എസിനായിരുന്നു. ഈ ക്യാമ്പിലെ തൊഴിലാളികളാണ് 1946 ഒക്ടോബർ 24ന് പുന്നപ്ര പൊലീസ് ക്യാമ്പിലേക്ക് മാർച്ച് ചെയ്തത്. അവിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി തൊഴിലാളികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി. ഏറ്റുമുട്ടലിനിടയിൽ വേലായുധൻ നാടാർ എന്ന സബ്ഇൻസ്പെക്ടറും കൊല്ലപ്പെട്ടു. പിന്നീട് പൊലീസ് പുന്നപ്ര പ്രദേശത്താകെ അഴിഞ്ഞാടുകയായിരുന്നു.

ഈ ഘട്ടത്തിൽ ഒരുകാരണവശാലും പിടികൊടുക്കാൻ പാടില്ലെന്നും ഒളിവിൽ പോകണമെന്നുമുള്ള പാർടി നിർദ്ദേശത്തെ തുടർന്ന് കെ വി പത്രോസിന്റെ കത്തുമായി വി എസ് കോട്ടയത്തേക്ക് പോയി. അവിടെ കമ്യൂണിസ്റ്റ് പാർടി സെക്രട്ടറിയായിരുന്ന സി എസ് ഗോപാലപിള്ളയെ ചെന്നുകണ്ടു. ഗോപാലപിള്ളയുടെ നിർദ്ദേശപ്രകാരം പൂഞ്ഞാറിലേക്ക് പോയി. അവിടെ വാലാനിക്കൽ ഇട്ടുണ്ടാൻ സഹദേവന്റെ വീട്ടിൽ ഒളിവിൽ താമസിക്കുന്നതിനിടയിൽ എതിർ രാഷ്ട്രീയക്കാർ ഒറ്റുകൊടുത്തു. പൊലീസ് വീട് വളഞ്ഞ് വി എസിനെ പിടിച്ചു.

ആദ്യം അവിടത്തെ ഒരു പൊലീസ് ഔട്ട് പോസ്റ്റിലും പിന്നീട് പാലാ പൊലീസ് ലോക്കപ്പിലും കൊണ്ടുപോയി. അവിടെ ഇടിയൻ നാരായണപിള്ള എന്ന എസ്‌ഐയുടെ നേതൃത്വത്തിൽ ഭീകരമായി മർദ്ദിച്ചു. പി കൃഷ്ണപിള്ളയും ഇ എം എസും കെ വി പത്രോസും എവിടെയാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. മർദ്ദിച്ച പൊലീസ് അവശരായി എന്നതല്ലാതെ ഒരു രഹസ്യവും അവരോട് പറയാൻ വി എസ് തയ്യാറായില്ല.

കലിയടങ്ങാത്ത പൊലീസ് വി എസിനെ ലോക്കപ്പിന്റെ ജനലഴിയിലൂടെ കാൽപ്പാദം പുറത്തേക്ക് വെച്ച് മലർത്തി കിടത്തി. പിന്നീട് കൈകൾ കൂട്ടിക്കെട്ടി. അതിനുശേഷം കാൽവെള്ളയിൽ ചൂരൽകൊണ്ടും ലാത്തികൊണ്ടും തുരുതുരെ അടിച്ചു. എന്നിട്ടും രഹസ്യങ്ങളൊന്നും പുറത്തുവിടാത്തതിനെ തുടർന്ന് പൊലീസുകാരിൽ ഒരാൾ ബയണറ്റ് വലതുകാലിന്റെ വെള്ളയിൽ കുത്തിയിറക്കി. ലോക്കപ്പിനകത്തും പുറത്തും ചോരയൊഴുകി. അപ്പോഴേക്കും ബോധരഹിതനായി. ശ്വാസംപോലും നിലച്ചമട്ടായിരുന്നു. ആൾ മരിച്ചുവെന്നുതന്നെ പൊലീസുകാർ വിചാരിച്ചു.

ഒളിവിലായിരുന്ന വി എസിനെ പൊലീസ് പിടിച്ചതിന് രേഖയോ തെളിവോ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് എങ്ങനെയും ഇരുചെവി അറിയാതെ ആളെ മറവുചെയ്യാൻ തീരുമാനിച്ചു. കാലിലെ കെട്ടഴിച്ച് 'ജഡം' പൊക്കിയെടുത്തു. സഹായത്തിന് ലോക്കപ്പിലുണ്ടായിരുന്ന കള്ളൻ കോലപ്പനും കൂടി. ഒടിച്ചുമടക്കിയെന്നവണ്ണം ജീപ്പിന്റെ സീറ്റിനുതാഴെ വി എസിനെ കിടത്തി. ഉടുത്തിരുന്ന മുണ്ട് അഴിച്ച് കാൽവെള്ളയിൽ കെട്ടി. കുറ്റിക്കാട്ടിലെവിടെയെങ്കിലും കൊണ്ടുപോയി മറവുചെയ്യുകയായിരുന്നു ലക്ഷ്യം. ഈ യാത്രയിൽ കോലപ്പനാണ് വി എസിന് ശ്വാസമുണ്ടെന്നും മരിച്ചിട്ടില്ലെന്നും തിരിച്ചറിഞ്ഞത്. ഉടനെ പാലാ ആശുപത്രിയിലെത്തിച്ചു. ആഴ്ചകളോളം വി എസിന് ചികിത്സവേണ്ടിവന്നു.

ഇതിനിടയിൽ ആലപ്പുഴയിൽ സർക്കാരിനെതിരെ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിച്ചു എന്നതിന്റെ പേരിൽ നേരത്തെ തന്നെ മറ്റൊരു കേസിൽ പെട്ടിരുന്നു. ആ കേസിൽ പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് ആലപ്പുഴ സബ്ജയിലിലാക്കി. പിന്നീട് വി എസിനെ മറ്റുചില പ്രതികൾക്കൊപ്പം തിരുവനന്തപുരം പൂജപ്പൂര സെൻട്രൽ ജയിലിലേക്ക് മാറ്റി. സെൻട്രൽ ജയിലിൽ 8957 നമ്പർ തടവുകാരനായിരുന്നു വി എസ്. വിവിധ കേസുകളിലെ ശിക്ഷാകാലാവധിയും കഴിഞ്ഞ് 1949 മാർച്ചിലാണ് ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ടത്.

അടുത്ത ജയിൽവാസം 1962ലെ ഇന്ത്യ–-ചൈന യുദ്ധകാലത്തായിരുന്നു. 1962 ഒക്ടോബർ 20ന് ആരംഭിച്ച യുദ്ധം ഒരു മാസത്തിനുശേഷം നവംബർ 21ന് അവസാനിച്ചെങ്കിലും, വി എസിന് ഒരു വർഷം ജയിലിൽ കഴിയേണ്ടിവന്നു. ഈ സന്ദർഭത്തിൽ പൂജപ്പുര സെൻട്രൽ ജയിലിൽ 10 ദിവസം മാത്രമേ കഴിഞ്ഞുള്ളൂ. ബാക്കികാലം വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. മൂന്നാംഘട്ട ജയിൽവാസം അടിയന്തരാവസ്ഥയിലായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൂന്നുമാസത്തിന് ശേഷമാണ് വി എസ് അറസ്റ്റിലാകുന്നത്. പിന്നീട് അടിയന്തരാവസ്ഥക്കാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവന്നു.

അങ്ങനെ പൊതുജീവിതത്തിന്റെ ആദ്യദശകങ്ങളിൽത്തന്നെ അഞ്ചുവർഷത്തോളം നീണ്ട ജയിൽ ജീവിതം, നാലര വർഷത്തെ ഒളിവു ജീവിതവും. ഒളിവിലായാലും ജയിലിലായാലും പോരാട്ടങ്ങൾക്ക് ഇടവേളകളില്ലെന്ന് ജീവിതംകൊണ്ട് വി എസ് തെളിയിച്ചു.

vs achuthanandan and police brutality story

Next TV

Related Stories
എകെജി സെൻ്റർ വിടനൽകി; വി എസിൻ്റെ മൃതദേഹം തമ്പുരാൻ മുക്കിലെ വീട്ടിലെത്തിച്ചു

Jul 22, 2025 12:22 AM

എകെജി സെൻ്റർ വിടനൽകി; വി എസിൻ്റെ മൃതദേഹം തമ്പുരാൻ മുക്കിലെ വീട്ടിലെത്തിച്ചു

എകെജി സെൻ്റർ വിടനൽകി; വി എസിൻ്റെ മൃതദേഹം തമ്പുരാൻ മുക്കിലെ...

Read More >>
റെഡ് സല്യൂട്ട്; പൊതുദർശനവും വിലാപയാത്രയും തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

Jul 21, 2025 11:01 PM

റെഡ് സല്യൂട്ട്; പൊതുദർശനവും വിലാപയാത്രയും തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

മുന്‍ കേരളാ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം...

Read More >>
വി എസ്; മലയാളി മനസ്സില്‍ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമ -മന്ത്രി എ കെ ശശീന്ദ്രൻ

Jul 21, 2025 10:24 PM

വി എസ്; മലയാളി മനസ്സില്‍ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമ -മന്ത്രി എ കെ ശശീന്ദ്രൻ

മലയാളി മനസ്സില്‍ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്ന് എ കെ ശശീന്ദ്രന്‍...

Read More >>
Top Stories










//Truevisionall