(truevisionnews.com) ആധുനിക കേരളത്തിന്റെ വളര്‍ച്ചയോടൊപ്പം മലയാളി മനസ്സില്‍ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും വേലിയേറ്റം സൃഷ്ടിച്ച നേതാവായിരുന്നു വി എസ്.
പുന്നപ്ര-വയലാറിന്റെ കനലാണ് വി.എസ് എന്ന വിപ്ലവകാരിയെ ജ്വലിപ്പിച്ചത്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് ജനനായകനായി മാറിയത്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ നിരവധി ജനകീയ പ്രശ്നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വി.എസ് നിര്‍ണായക പങ്ക് വഹിച്ചു. അനീതികള്‍ക്കെതിരെ തലയുയര്‍ത്തി നിന്ന, രാഷ്ട്രീയ പ്രതിബദ്ധതയും ആദര്‍ശശുദ്ധിയും ജീവിതപാഠമാക്കിയ ആ വിപ്ലവ സൂര്യന്‍ വിടവാങ്ങുമ്പോള്‍ പോരാട്ടവീര്യം നിറഞ്ഞ രാഷ്ട്രീയ യുഗം കൂടി അവസാനിക്കുകയാണ്.
.gif)

1980ല്‍ താൻ ആദ്യമായി നിയമസഭാംഗമായപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു വി എസ്. 2006 മുതല്‍ 2021 വരെയുള്ള കാലയളവില്‍ നിയമസഭാംഗമെന്ന നിലയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേർത്തു.
Forest and Wildlife Minister AK Saseendran condoles VSAchuthanandan demise
