ബെംഗളൂരു: ( www.truevisionnews.com ) ലൈംഗിക പീഡനക്കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. രേവണ്ണയ്ക്കുള്ള ശിക്ഷ ശനിയാഴ്ച പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രജ്ജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു. പ്രജ്ജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
.gif)

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവ് വഴി പ്രചരിച്ചത്. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്ജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ, വോട്ടെടുപ്പുനടന്ന ദിവസം രാത്രി പ്രജ്ജ്വല്‍ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോള്‍ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞവര്‍ഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തിരഞ്ഞെടുപ്പിൽ പ്രജ്വൽ നാൽപത്തിരണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.
പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്ജ്വലിന്റെ അച്ഛനും എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പോലീസ് കേസെടുത്തിരുന്നു. രേവണ്ണയെ അറസ്റ്റുചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
ജൂലായ് 18-ന് വാദംപൂര്‍ത്തിയാക്കിയ കേസില്‍ ബുധനാഴ്ച വിധിപറയാനായി മാറ്റിയിരുന്നെങ്കിലും ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് ചില കാര്യങ്ങളില്‍ വ്യക്തത തേടുകയും വിധിപ്രസ്താവം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയുമാണ് ഉണ്ടായത്. കേസില്‍ തെളിവായി ഹാജരാക്കിയ ഗൂഗിള്‍ മാപ്പ് വിവരങ്ങള്‍ പരിഗണിക്കാന്‍ കഴിയുന്നതാണോയെന്നാണ് കോടതി ആദ്യം ആരാഞ്ഞത്. തെളിവായി ഹാജരാക്കിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചും വ്യക്തതതേടിയിരുന്നു.
Former JDS MP Prajwal Revanna found guilty in rape case
