Jul 31, 2025 04:19 PM

തിരുവനന്തപുരം: (truevisionnews.com) മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നിർണായക വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷനാണ് (DME) നോട്ടിസ് അയച്ചിരിക്കുന്നത്. ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, വിവിധ കോണുകളിൽ നിന്ന് ഉയർന്ന പ്രതിഷേധങ്ങളെത്തുടർന്ന് നടപടി വൈകിക്കുകയായിരുന്നു.

ഡോ. ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടർന്ന് സർക്കാർ ഒരു വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഡോക്ടറുടെ നടപടി ഔദ്യോഗിക ചട്ടലംഘനമാണെങ്കിലും, ഉടനടി നടപടി ആവശ്യമില്ലെന്ന് സമിതി റിപ്പോർട്ട് നൽകി. ആശുപത്രിയിലെ സംവിധാനങ്ങളിലുള്ള പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവെക്കേണ്ടി വരുന്നുവെന്നായിരുന്നു യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. സർക്കാർ സംവിധാനങ്ങളിലെ ഈ വീഴ്ചകളിൽ തനിക്ക് ലജ്ജയും നിരാശയുമുണ്ടെന്നും, മെഡിക്കൽ കോളജ് മെച്ചപ്പെടുത്താനായി താൻ ഓടി ഓടി ക്ഷീണിച്ചുവെന്നും ഡോ. ഹാരിസ് വൈകാരികമായി കുറിച്ചിരുന്നു.

'ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ചുവിട്ടോട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ വൈകാരികമായ കുറിപ്പിലെ ഒരു ഭാഗം. ഈ കുറിപ്പ് വിവാദമായതിനെത്തുടർന്ന് അദ്ദേഹം പോസ്റ്റ് പിൻവലിച്ചിരുന്നു. പോസ്റ്റ് പിൻവലിച്ചതിന് ശേഷം നൽകിയ കുറിപ്പിൽ, ചുറ്റും പരിമിതികളുണ്ടെന്നും ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്നത്ര ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Equipment shortage at Thiruvananthapuram Medical College

Next TV

Top Stories










//Truevisionall