തിരുവനന്തപുരം: ( www.truevisionnews.com ) തെരുവുനായ കുറുകെ ചാടി എസ്എച്ച്ഒയ്ക്ക് പരിക്ക്. നെടുമങ്ങാട് എസ്എച്ച്ഒ രാജേഷിനാണ് പരിക്കേറ്റത്. ഹെൽമറ്റ് ഉണ്ടായത് കൊണ്ട് രക്ഷപ്പെട്ടു എന്ന് രാജേഷ് പറയുന്നു. ഒന്നുകിൽ നായകളെ കൊന്നൊടുക്കണമെന്നും അല്ലെങ്കിൽ ഒന്നിച്ച് കൂട്ടിലിട്ട് വളർത്തണമെന്നും അപകടത്തിനു പിന്നാലെ രാജേഷ് പങ്കുവെച്ച വീഡിയോയിലൂടെ ആവശ്യപ്പെട്ടു. കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ദിവസം തെരുവുനായ വിഷയത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. എല്ലാ തെരുവുനായകളെയും നൽകാം, കൊണ്ടു പൊയ്‌ക്കോളൂ എന്ന് മൃഗസ്നേഹിയോട് ഹൈക്കോടതി പറഞ്ഞു. തെരുവുനായ പ്രശ്നത്തിൽ നടപടിയാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹിയോടായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം.
.gif)

നായകളുടെ ആക്രമണത്തിൽ എന്താണ് പരിഹാരമെന്നും മൃഗസ്നേഹിയോട് ഹൈക്കോടതി ചോദിച്ചു. അതേസമയം, കേരളത്തിൽ മാത്രമേ തെരുവുനായ പ്രശ്നമുള്ളൂവെന്നും മറ്റൊരു സംസ്ഥാനത്തും പ്രശ്നമില്ലെന്നായിരുന്നു കക്ഷി കോടതിയോട് വിശദീകരിച്ചത്. ഇതിന് മറുപടിയായി രാജ്യത്ത് എല്ലായിടത്തും തെരുവുനായ പ്രശ്നമുണ്ടെന്ന് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
തെരുവുനായകൾ പെരുകുന്നതിലും വാക്സിനുമായി ബന്ധപ്പെട്ട പരാതികളിലും കടുത്ത ആശങ്ക ഹൈക്കോടതി പ്രകടിപ്പിച്ചു. വാക്സിനെടുത്ത കുട്ടികൾ പേവിഷബാധയേറ്റ് മരിച്ച സംഭവം ഗൗരവതരമാണെന്നും തെരുവുനായ ആക്രമണത്തിന് അടിയന്തിര പ്രായോഗിക പരിഹാരം വേണമെന്നും ഹൈക്കോടതി അറിയിച്ചു.
വന്യമൃഗ ആക്രമണങ്ങളെപ്പോലെ തെരുവുനായ ആക്രമണവും പരിഗണിക്കണമെന്നും സംഭവത്തിൽ എത്ര എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയെയും ഹർജിയിൽ കക്ഷി ചേർത്തിട്ടുണ്ട്. തെരുവുനായ വിഷയത്തിൽ ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകണം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Police officer injured after being jumped by stray dog
