വടകര (കോഴിക്കോട് ) : ( www.truevisionnews.com ) തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച ഏഴ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന വാശിയിൽ ഒരു വിഭാഗം ബസ് തൊഴിലാളികൾ. പൊലീസ് കർശന നടപടി സ്വീകരിച്ച സാഹചര്യത്തിൽ ബസ് സർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരത്തിന് പിന്തുണയില്ലെന്ന് സിഐടിയു ഉൾപ്പെടെയുള്ള മോട്ടോർ തൊഴിലാളി യൂണിയനുകൾ അറിയിച്ചു.
തലശ്ശേരി - തൊട്ടിൽപ്പാലം റൂട്ടിലെ സമരം അവസാനിപ്പിച്ചതായും തൊട്ടിൽപ്പാലം -വടകര റൂട്ടിൽ സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും സിഐടിയു നേതാക്കൾ പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ നാളെ വടകര തൊട്ടിൽപ്പാലം റൂട്ടിലും പണിമുടക്കുമെന്ന സന്ദേശമാണ് ഒരു വിഭാഗം തൊഴിലാളികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ സർവീസ് നടത്തുന്ന ബസുകൾക്ക് സംരക്ഷണം നൽകുമെന്ന നിലപാടിലാണ് പോലീസ്. സ്വകാര്യബസുകൾ പണിമുടക്കുകയാണെങ്കിൽ കൂടുതൽ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസിയും അറിയിച്ചിട്ടുണ്ട്.
.gif)

കഴിഞ്ഞ ദിവസം തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് മർദ്ദനമേറ്റത്. നാദാപുരം തൂണേരി വെള്ളൂർ സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്‍റ് കൺസഷൻ നൽകിയില്ല എന്നാരോപിച്ചായിരുന്നു അക്രമം. വിശ്വജിത്തും നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് ചൊക്ലി പൊലീസ് കേസെടുത്തത് . ഭാരതീയ ന്യായ സംഹിത പ്രകാരം 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (b), 110, 190 വകുപ്പുകൾ ചുമത്തിയാണ് കേസ്. സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും ആണ് കേസ്. തിരിച്ചറിയാത്ത അഞ്ച് പ്രതികൾക്കെതിരെയും കേസുണ്ട്.
Bus workers threaten to go on strike; owners and labor unions say they are in support
