കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന് പരിക്ക്. പേരാമ്പ്ര സ്റ്റീൽ ഇന്ത്യക്ക് സമീപം എട്ടുമണിയോടെയായിരുന്നു അപകടം. പേരാമ്പ്രയിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന എസ്റ്റീം ബസും പേരാമ്പ്രയിലേക്ക് വരുകയായിരുന്ന ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ തെറിച്ച് മറിഞ്ഞു വീണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്ന ഭിന്നശേഷിക്കാരൻ ആയ കായണ്ണ സ്വദേശി കരുവോത്ത് കണ്ടി വിജയന് ആണ് (62)പരിക്കേറ്റത്. കൈക്കും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.gif)

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യബസുകളുടെ അപകടം തുടർകഥയായിക്കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ദിവസം പേരാമ്പ്ര സ്റ്റാൻഡിൽ സ്വകാര്യബസ് തട്ടി വയോധികന് പരിക്കേറ്റിരുന്നു. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ഫ്ലൈവൽ ബസാണ് വയോധികനെ തട്ടിയത്. പേരാമ്പ്ര ബസ്റ്റാന്റ് മുറിച്ചു കടക്കുന്നതിനിടെ ബസ് യു ടേൺ എടുക്കുമ്പോഴാണ് വയോധികനെ തട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലയ്ക്കും ഷോൾഡറിനും നിസാര പരിക്കേറ്റ വയോധികനെ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ബസ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങൾക്ക് മുമ്പ് പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചിരുന്നു. മരുതോങ്കര സ്വദേശിയായ അബ്ദുൽ ജവാദ് (19) ആയിരുന്നു മരിച്ചത്. അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ജവാദിൻ്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.. സ്‌കൂട്ടറിൽ നിന്ന് മറിഞ്ഞുവീണ ജവാദിൻ്റെ തലയിലൂടെ ബസിൻ്റെ ടയർ കയറിയിറങ്ങുകയും ചെയ്‌തിരുന്നു. പിന്നാലെ സ്വകാര്യ ബസുകളുടെ സർവീസ് നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തടഞ്ഞിരുന്നു. ഇതിനിടെ തുടർന്ന് സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ബസ് ഉടമകളും പാർട്ടി പ്രവർത്തകരും പോലീസും നടത്തിയ ചർച്ചയിൽ സർവീസ് പുനഃരാരംഭിക്കുകയിരുന്നു.
Kozhikode Kuttyadi route disabled person was injured after a private bus and an auto collided
