ന്യൂഡല്‍ഹി:(truevisionnews.com) ആക്‌സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെ രാജ്യത്തോടൊപ്പം ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം X-ല്‍ കുറിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍, തന്റെ അര്‍പ്പണബോധം, ധീരത, മുന്നേറ്റ മനോഭാവം എന്നിവയിലൂടെ അദ്ദേഹം കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായി. ഇത് നമ്മുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം X പോസ്റ്റില്‍ വ്യക്തമാക്കി.
.gif)

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) എത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അവിടെ 18 ദിവസം ചെലവിട്ടശേഷമാണ് തിങ്കളാഴ്ച ഭൂമിയിലേക്ക് യാത്രതിരിച്ചത്.
മിഷന്‍ പൈലറ്റ് ശുഭാംശു ഉള്‍പ്പെടെ 'ആക്‌സിയം-4' ദൗത്യത്തിലെ നാല്‍വര്‍ സംഘത്തെയുംകൊണ്ട് 'ഗ്രെയ്സ്' എന്നുവിളിക്കുന്ന സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ഇന്ത്യന്‍സമയം തിങ്കളാഴ്ച വൈകീട്ട് 4.45-ന് നിലയവുമായുള്ള ബന്ധം വേര്‍പെടുത്തി. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അണ്‍ഡോക്കിങ്.
നിലയത്തില്‍ തങ്ങുന്ന ഏഴു ശാസ്ത്രജ്ഞരോടും യാത്രപറഞ്ഞ് നാലുപേരും ഡ്രാഗണ്‍പേടകത്തിലേക്ക് പറന്നുകയറി. ഉച്ചയ്ക്ക് 2.37-ഓടെ പേടകത്തെ നിലയവുമായി ബന്ധിപ്പിച്ച വാതിലടഞ്ഞു (ഹാച്ചിങ് ക്ലോഷര്‍). 4.45-ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂര്‍ നീണ്ട യാത്രതുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് 3.01-ഓടെ കാലിഫോര്‍ണിയന്‍ തീരത്ത് ശാന്തസമുദ്രത്തിലാണ് പേടകം ഇറങ്ങിയത്.
https://x.com/narendramodi/status/1945057763899605164
Prime Minister Narendra Modi welcomes Indian astronaut Shubham Shukla back to Earth
