Jul 9, 2025 06:04 AM

തിരുവനന്തപുരം: ( www.truevisionnews.com) രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി.ആറ് മണിക്കൂർ പിന്നിട്ടു. അർധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനമാകാൻ സാധ്യത. 17 ആവശ്യങ്ങളുയർത്തി 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായാണ് അർധരാത്രി മുതൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ 4 ലേബർ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് എന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ആശുപത്രി, പാൽ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിഹാറിൽ ഇന്ന് നടക്കുന്ന പണിമുടക്ക് റാലിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി മുഖ്യാതിഥിയാകും. തെരഞ്ഞെടുപ്പടുക്കുന്ന ബിഹാറിൽ ഇത് പ്രതിപക്ഷ ഐക്യ പ്രഖ്യാപനമാക്കാനാണ് നീക്കം.

അതേസമയം കേരളത്തിൽ അക്ഷരാ‍ർത്ഥത്തിൽ ബന്ദ് ആകാനുള്ള സാധ്യതയാണ് കാണുന്നത്. പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്പോൺസേഡ് പണിമുടക്ക് എന്ന വിമർശനങ്ങൾക്കിടെയാണ് ഡയസ്നോൺ നടപടി. കെ എസ് ആ‌ർ ടി സി സർവീസുകൾ പതിവു പോലെയെന്ന് ഗതാഗതമന്ത്രി പറഞ്ഞത് സർക്കാരിനെയും മുന്നണിയെയും സി പി എമ്മിനെയും ഞെട്ടിച്ചു.

ബസുകൾ നിരത്തിലിറക്കിയാൽ അപ്പോൾ കാണാമെന്ന് സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ ടി പി രാമകൃഷ്ണൻ അടക്കം വെല്ലുവിളിച്ചെങ്കിലും സർവീസുമായി മുന്നോട്ട് പോകാനാണ് കെ എസ് ആ‌ർ ടി സിയുടെ തീരുമാനം. ഇതിനായി കെ എസ് ആർ ടി സി ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് സംരക്ഷണമടക്കം ലഭിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ, ടാക്സി, ഓട്ടോ, സ്കൂളുകൾ, ബാങ്ക്, സർക്കാർ ഓഫിസുകൾ തുടങ്ങിയവയെ എല്ലാം പണിമുടക്ക് ബാധിക്കാനാണ് സാധ്യത.

ശുദ്ധജലം, പാൽ, പത്ര വിതരണം, ആശുപത്രി പ്രവർത്തനം തുടങ്ങിയവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. അതു കൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങാൻ സാധ്യതയുള്ളൂ. പണിമുടക്കുന്നവരിൽ ബാങ്ക് ജീവനക്കാരും ഉൾപ്പെടുന്നതിനാൽ ബാങ്കുകളും പൂട്ടിക്കിടക്കും. കളക്റ്ററേറ്റ് ഉൾപ്പെടെ ഉള്ള കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫിസുകളും നിശ്ചലമാകുമെന്ന് ഉറപ്പാണ്.

സ്കൂൾ, കോളേജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും പ്രായോഗികമാകുമോ എന്നത് കണ്ടറിയണം. സർക്കാർ സ്കൂളുകൾ പ്രവർത്തിക്കാൻ സാധ്യതയില്ല. കാലിക്കറ്റ്, കണ്ണൂർ, കേരള, എം ജി സർവകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ഫാക്ടറികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും അറഞ്ഞു കിടക്കും. മാളുകളും കടകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.

workers national strike has passed six hours essential services are exempted

Next TV

Top Stories










//Truevisionall