Jul 9, 2025 01:57 PM

തിരുവനന്തപുരം: ( www.truevisionnews.com) കീം ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കോടതി വിധി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. വിധി പകർപ്പ് ലഭിച്ചതിന് ശേഷം മന്ത്രിസഭയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'നമ്മുടെ എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന ഫോര്‍മുലയാണ് അവലംബിച്ചത്. കഴിഞ്ഞ വര്‍ഷം 35 മാര്‍ക്കിന്റെ വ്യത്യാസം വരുന്ന രീതിയിലായിരുന്നു ഏകീകരണ പ്രോസസ്. കേരള സിലബസില്‍ പഠിക്കുന്ന ഒരു കുട്ടി ഫുള്‍ മാര്‍ക്ക് നേടിയാലും 35 മാര്‍ക്ക് അവര്‍ക്ക് കുറവ് കിട്ടുന്ന സ്ഥിതിയായിരുന്നു മുന്‍വര്‍ഷം. അത് അടിസ്ഥാനമാക്കിയാണ് എല്ലാവര്‍ക്കും നീതി ഉറപ്പാക്കാവുന്ന ഫോര്‍മുലയിലെത്തിയത്', മന്ത്രി പറഞ്ഞു.

മന്ത്രിസഭ അംഗീകരിച്ചതിന് ശേഷമാണ് കീമിലെ മാറ്റങ്ങള്‍ നടപ്പാക്കിയതെന്നും അതുകൊണ്ട് കോടതിയില്‍ നിന്ന് ലഭ്യമായ വിധി മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കോടതിയില്‍ ഇനിയും പോകണ്ട കാര്യമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ബിന്ദു പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ല. സുതാര്യമായാണ് എല്ലാ നടപടിയും നടന്നത്. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്‍ക്ക് ഏകീകരണം നിയമവിരുദ്ധവും ഏകപക്ഷീയവുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.











Higher Education Minister R BINDHU responds to High Court order quashing KEEM results

Next TV

Top Stories










//Truevisionall