കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു
Jul 9, 2025 06:38 PM | By Jain Rosviya

( www.truevisionnews.com) ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ് (സിഐഎഎസ്എല്‍). വിമാന അറ്റകുറ്റപ്പണികള്‍ക്കായി (എംആര്‍ഒ) കൊച്ചി എയർപോർട്ടിൽ നിര്‍മ്മിക്കുന്ന മൂന്നാമത്തെ കൂറ്റന്‍ ഹാങ്ങറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഐ.എ.എസ്.എല്‍ ചെയര്‍മാന്‍ എസ്. സുഹാസ് ഐ എ എസ് തുടക്കം കുറിച്ചു.

53 ,800 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ഹാങ്ങറിനോട് ചേർന്ന്, 7000 ചതുരശ്ര അടിയിൽ പ്രത്യേക ഓഫീസ്, വർക്ക്‌ഷോപ്പ്, കംപോണൻ്റ് റിപെയറിനും നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിനുമുള്ള സൗകര്യങ്ങളും ഒരുക്കും. എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാമ്പത്തിക, വ്യവസായ, തൊഴില്‍ മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം പകരുന്നതാണ് പുതിയ പ്രൊജക്ട്.

നിലവില്‍ കേരളത്തിനു പുറമെ നാഗ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കേന്ദ്രങ്ങളുള്ളത്. കേരളത്തില്‍ കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും എംആര്‍ഒ സംവിധാനമുണ്ട്. എന്നാല്‍, റണ്‍വേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പശ്ചാത്തല സൗകര്യം (റണ്‍വേ കണക്ടിവിറ്റി) കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണുള്ളത് എന്നത് കൊച്ചി എയർപോർട്ടിന്റെ പ്രത്യേകത.

വ്യോമയാന ഗതാഗതം ദിനംപ്രതി വളരുന്ന സാഹചര്യത്തില്‍, വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യം രാജ്യത്ത് അപര്യാപ്തമാണ്. അതിനാല്‍ രാജ്യത്തെയും വിദേശത്തെയും വിമാനക്കമ്പനികള്‍ അറ്റകുറ്റപ്പണികള്‍ക്കും പാര്‍ക്കിങ്ങിനുമായി സിംഗപ്പൂര്‍, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

ഇതുവഴി ബില്യണ്‍ കണക്കിന് രൂപയാണ് ഓരോ വര്‍ഷവും രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത്. ഈ സാഹചര്യം മാറ്റിയെടുക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ എംആര്‍ഒ നയത്തിന്റെ ചുവടുപിടിച്ചാണ് കൊച്ചി എയർപോർട്ടിന്റെ വികസനക്കുതിപ്പ്. പുതിയ ഹാങ്ങര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ, വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ ബിസിനസ് കേരളത്തിലേക്ക് ആകര്‍ഷിക്കാനും കൊച്ചിയെ ദക്ഷിണേഷ്യയിലെ ഒരു പ്രധാന എംആര്‍ഒ ഹബ്ബായി ഉയര്‍ത്താനും സാധിക്കും.

ശേഷി ഇരട്ടിയാകും

നിലവിലുള്ള ഹാങ്ങറുകളില്‍ ഒരേസമയം ഒരു നാരോ ബോഡി വിമാനത്തിന് മാത്രം അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുമ്പോള്‍, പുതിയ ഹാങ്ങറില്‍ ഒരേസമയം രണ്ട് നാരോ ബോഡി വിമാനങ്ങളെ ഉള്‍ക്കൊള്ളാനാകും. ഇതോടെ സി.ഐ.എ.എസ്.എല്ലിന്റെ എംആര്‍ഒ ശേഷി ഒറ്റയടിക്ക് ഇരട്ടിയാകും.

കവേര്‍ഡ് പാര്‍ക്കിങ് സൗകര്യം കേരളത്തില്‍ ആദ്യം

പുതിയ ഹാങ്ങറിനോട് ചേര്‍ന്നുള്ള കവേര്‍ഡ് പാര്‍ക്കിംഗ് സൗകര്യമാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. കേരളത്തില്‍ ആദ്യമായാണ് വിമാനങ്ങള്‍ക്കായി ഇത്തരമൊരു സംവിധാനം ഒരുങ്ങുന്നത്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ പാര്‍ക്കിംഗ് ഏരിയയില്‍ ഒരേസമയം 13 നാരോ ബോഡി വിമാനങ്ങള്‍ വരെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാം. വര്‍ധിച്ചുവരുന്ന ബിസിനസ് ജെറ്റുകള്‍ക്കും, പ്രൈവറ്റ് ഹെലികോപ്റ്ററുകള്‍ക്കും സ്വകാര്യത ഉറപ്പാക്കി സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ഈ സൗകര്യം സഹായകമാകും.

ആയിരത്തിലധികം തൊഴിലവസരങ്ങള്‍

പുതിയ പദ്ധതി സംസ്ഥാനത്ത് വലിയ തൊഴില്‍ സാധ്യതകളാണ് തുറന്നിടുന്നത്. നാനൂറിലധികം പേര്‍ക്ക് നേരിട്ടും, ആയിരത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. വൈദഗ്ധ്യമുള്ള എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍, ടെക്‌നീഷ്യന്മാര്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇത് അവസരങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വയം ഒരു മാതൃകയായ കൊച്ചി എയർപോർട്ട് , പുതിയ എംആര്‍ഒ ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുന്നതോടെ വ്യോമയാന മേഖലയില്‍ കൊച്ചിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റും.

'കേരളത്തെ ഒരു സമ്പൂര്‍ണ്ണ ഏവിയേഷന്‍ ഇക്കോസിസ്റ്റമാക്കി മാറ്റാനുള്ള സിയാലിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് പുതിയ ഹാങ്ങര്‍. വിമാന അറ്റകുറ്റപ്പണി രംഗത്ത് സ്വയംപര്യാപ്തത നേടാനും അതുവഴി സംസ്ഥാനത്തേക്ക് വിദേശനാണ്യം കൊണ്ടുവരാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' നയങ്ങള്‍ക്ക് കരുത്തുപകരുന്ന ഈ പദ്ധതി, ഭാവിയുടെ അടിസ്ഥാന സൗകര്യമാണ് ഒരുക്കുന്നത്.'- സി.ഐ.എ.എസ്.എല്‍ ചെയര്‍മാന്‍ എസ്. സുഹാസ് ഐഎഎസ് പറഞ്ഞു.

'എട്ടുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇരട്ടി ശേഷിയുള്ള ഈ മൂന്നാമത്തെ ഹാങ്ങറും അതിനോടനുബന്ധിച്ചുള്ള കവേര്‍ഡ് പാര്‍ക്കിംഗ് സൗകര്യവും എയര്‍ലൈന്‍ കമ്പനികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സഹായിക്കും. മറ്റൊരിടത്തുമില്ലാത്ത പശ്ചാത്തല സൗകര്യമാണ് കൊച്ചി എയർപോർട്ട് എംആര്‍ഒയെ വ്യത്യസ്തമാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 150 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പദ്ധതിയിടുന്നുണ്ട്.'- സിഐഎഎസ്എല്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജെ പൂവട്ടില്‍ പറഞ്ഞു.

CIASL has launched a mega project worth Rs 50 crore to transform Kochi into an aircraft maintenance hub

Next TV

Related Stories
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Jul 7, 2025 02:33 PM

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു...

Read More >>
ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി

Jun 28, 2025 04:10 PM

ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി

ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160...

Read More >>
പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

Jun 20, 2025 06:50 PM

പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ...

Read More >>
Top Stories










//Truevisionall