തൃശ്ശൂർ: ( www.truevisionnews.com) ഗുരുവായൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. കണ്ടാണശ്ശേരി ചൊവ്വല്ലൂർ സ്വദേശി കറുപ്പം വീട്ടിൽ അൻസാറാണ് 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി എക്‌സൈസിന്റെ പിടിയിലായത്. ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
തൈക്കാട് പള്ളി റോഡിൽ വാഹന പരിശോധനയ്ക്കിടെയാണ് അൻസാർ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റിൽ പ്രത്യേകം പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ നിന്ന് രണ്ട് ഡബ്ബകളിലായി സൂക്ഷിച്ചിരുന്ന കൂടുതൽ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
.gif)

ചെറിയ ഡബ്ബകളിൽ ഒരു ഗ്രാം ഹാഷിഷ് ഓയിൽ നിറച്ച് 1500 രൂപയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു ഇയാളുടെ പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനാവശ്യമായ അറുപതോളം ഒഴിഞ്ഞ ഡബ്ബകളും സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു. ഇയാളുടെ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇയാൾ നേരത്തെ ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായിരുന്നു. ഈ കേസിൽ 55 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നത്. തീരദേശ മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിനു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Young man arrested with hashish oil guruvayoor thrissur
