അഹ്മദാബാദ്: ( www.truevisionnews.com) ഗുജറാത്തിലെ വഡോദരയില്‍ ഇന്നു രാവിലെ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒൻപത് പേർ മരിച്ചു. നിരവധി പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെകുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകർന്നുവീണത്. അപകടത്തിൽ ഏതാനും പരിക്കേൽക്കുകയും ചെയ്തു. രണ്ട് ട്രക്കുകൾ, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാൻ എന്നിവ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് പാലം തകർന്നുവീണത്.
.gif)

വലിയ ശബ്ദം കേട്ടതായും തൊട്ടുപിന്നാലെ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് പതിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും പൊലീസും വഡോദര ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പിന്നാലെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ മുങ്ങൽവിദഗ്ധർ നദിയിൽ തെരച്ചിൽ തുടരുകയാണ്. മുങ്ങിയ വാഹനങ്ങൾ പുറത്തെടുക്കാൻ ക്രെയിനുകൾ എത്തിച്ചിട്ടുണ്ട്.
മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ആനന്ദ്, വഡോദര, ഭറൂച്ച്, അങ്കലേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകൾക്ക് ഏറെ പ്രധാന്യമുള്ളതാണ് ഇപ്പോൾ തകർന്നവീണ ഈ പാലം. ഇതിന്റെ ശോചനീയ അവസ്ഥയെക്കുറിച്ച് പലതവണ അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
Nine dead four vehicles involved in accident after bridge collapses into river in Gujarat
