ബെംഗളൂരു: (truevisionnews.com) എസ്ബിഐ മാനേജർ കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചതോടെ കയർത്ത് ഉപഭോക്താവ്. 'ഇത് കർണാടകയാണ്' എന്ന് കസ്റ്റമർ ഓർമിപ്പിച്ചപ്പോൾ 'ഇത് ഇന്ത്യയാണ്' എന്നായിരുന്നു വനിതാ മാനേജരുടെ മറുപടി. ചന്ദപുരയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

'ഇത് കർണാടകയാണ്' എന്ന് ഉപഭോക്താവ് പറഞ്ഞപ്പോൾ 'നിങ്ങളല്ല എനിക്ക് ജോലി തന്നത്' എന്നായിരുന്നു എസ്ബിഐ മാനേജരുടെ മറുപടി. 'ഇത് കർണാടകയാണ്, മാഡം' എന്ന് കസ്റ്റമർ വീണ്ടും പറഞ്ഞപ്പോൾ 'ഇത് ഇന്ത്യയാണ്' എന്ന് മാനേജർ വീണ്ടും പറഞ്ഞു. 'ആദ്യം കന്നഡ മാഡം' എന്ന് കസ്റ്റമർ വീണ്ടും പറഞ്ഞപ്പോൾ 'ഞാൻ നിങ്ങൾക്കായി കന്നഡ സംസാരിക്കില്ല' എന്നായിരുന്നു മാനേജറുടെ മറുപടി. അപ്പോൾ 'നിങ്ങൾ ഒരിക്കലും കന്നഡയിൽ സംസാരിക്കില്ലേ?' എന്ന് കസ്റ്റമർ ആവർത്തിച്ചു ചോദിച്ചു. 'ഇല്ല ഞാൻ ഹിന്ദിയിൽ സംസാരിക്കും' എന്ന് മാനേജർ ശഠിച്ചു.
'കന്നട, ഹിന്ദി' എന്ന് ഇരുവരും ഏതാനും മിനിറ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. രണ്ട് പേരും അവരവരുടെ നിലപാടിൽ ഉറച്ചുനിന്നു. ഓരോ സംസ്ഥാനത്തും അതത് ഭാഷ സംസാരിക്കണമെന്ന് ആർബിഐ നിയമമുണ്ടെന്ന് ഉപഭോക്താവ് മാനേജരെ ഓർമിപ്പിച്ചു.
എന്നിട്ടും "ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല" എന്ന് ബാങ്ക് മാനേജർ ആവർത്തിച്ചു. "സൂപ്പർ, മാഡം, സൂപ്പർ" എന്ന് ഉപഭോക്താവ് പരിഹാസത്തോടെ മറുപടി പറഞ്ഞു. ഇരുവരുടെയും സംഭാഷണം സോഷ്യൽ മീഡിയയിൽ എത്തി. ഈ ബാങ്ക് മാനേജർക്കെതിരെ നടപടി വേണമെന്ന് വീഡിയോ ഷെയർ ചെയ്ത് നിരവധി പേർ അഭ്യർത്ഥിച്ചു.
"ഇത് ചന്ദപുരയിലെ എസ്‌ബിഐ ബ്രാഞ്ചാണ്, നിങ്ങൾ എല്ലാവരും ഈ ബ്രാഞ്ചിനെ ഒരു പാഠം പഠിപ്പിക്കണം, നാമെല്ലാവരും ഐക്യപ്പെടണം" എന്നാണ് വീഡിയോ ഷെയർ ചെയ്ത് ഒരാൾ പറഞ്ഞത്. കന്നഡ അനുകൂല ഗ്രൂപ്പുകൾ ബാങ്കിലേക്ക് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചു.
Hindi-Kannada fight Customer this Karnataka ma'am manager says this India won't speak Kannada
