മുംബൈ : ( www.truevisionnews.com) മുംബൈ ഉപനഗരമായ കല്യാൺ ഈസ്റ്റിൽ നാലു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ സ്ലാബ് തകർന്നു വീണ് നാല് സ്ത്രീകളും രണ്ട് വയസ്സുള്ള കുട്ടിയും ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കല്യാൺ ഈസ്റ്റിലെ നാലു നില കെട്ടിടത്തിന്റെ മുകൾ നിലയിലെ സ്ലാബ് താഴത്തെ നിലയിലേക്ക് തകർന്നുവീഴുകയായിരുന്നു. പ്രദേശത്തെ സപ്തശ്രുങ്കി കെട്ടിടത്തിൽ ഉച്ചയ്ക്ക് 2:15 ഓടെയാണ് സംഭവം.
നമസ്വി ശ്രീകാന്ത് ഷെലാർ (2), പ്രമീള കൽചരൺ സാഹു (56), സുനിത നീലാഞ്ചൽ സാഹു (38), സുശീല നാരായൺ ഗുജാർ (78), വെങ്കട്ട് ഭീമ ചവാൻ (42), സുജാത മനോജ് വാദി (38) എന്നിവരാണ് മരിച്ചത്. നാല് വയസ്സുള്ള രണ്ട് കുട്ടികളടക്കം മറ്റ് നാല് പേർക്ക് പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) ഫയർ ഡിപ്പാർട്ട്‌മെന്റും താനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും (ടിഡിആർഎഫ്) ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും തകർച്ചയുടെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
mumbai building slab collapse many died
