മലപ്പുറം: ( www.truevisionnews.com) സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയിൽ വിള്ളലും മണ്ണിടിച്ചിലും. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു.ഇതിനെ തുടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്
തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിള്ളൽ കണ്ടെത്തിയ ഭാഗം അധികൃതർ ടാറിട്ട് മൂടി.

ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിർമാണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. ടാറിട്ട് മൂടുകയല്ല വേണ്ടതെന്നും സ്ഥിരം പരിഹാരമാണ് വേണ്ടതെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലുമാണ് വിള്ളൽ രൂപപ്പെട്ടത്. വിള്ളൽ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് നൂറ് മീറ്റർ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. ആർടിഒ അടക്കം വിഷയത്തിൽ ഇടപെട്ടതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. മണ്ണിടിച്ചിലിൽ കൃത്യമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ പ്രതികരിച്ചു.
national highway various parts state protests Malappuram Kannur
