തിരുവനന്തപുരം: (truevisionnews.com) ബാലരാമപുരം മടവൂർപ്പാറയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. ഇവരെ രക്ഷിക്കാനെത്തിയയാൾ വീട്ടിലേക്കു മടങ്ങവേ, ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചു. ബുധനാഴ്ച രാത്രി ബാലരാമപുരം മടവൂർപ്പാറയിലും താന്നിവിളയിലുമായിരുന്നു സംഭവം.

മടവൂർപ്പാറയിൽ രാത്രി 11.30-ന്, നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് സ്കൂട്ടർയാത്രക്കാരായ പെരുമ്പഴുതൂർ തേവരക്കോട് ബിആർ നിലയത്തിൽ അഖിൽ(19), കളത്തുവിള പൂവൻവിള പുത്തൻവീട്ടിൽ ശാമുവേൽ(20), തേവരക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ അഭിൻ(19) എന്നിവരാണ് മരിച്ചത്. ഈ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ താന്നിവിള ചാത്തലമ്പാട്ടുകോണം വടക്കുംകര സന്തോഷ് ഭവനിൽ മനോജാണ്(സച്ചു-26) രാത്രി 12.45-ന് മടവൂർപ്പാറ-താന്നിവിള റോഡിൽ ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചത്.
അഖിൽ, അഭിൻ, ശാമുവേൽ എന്നിവർ ബുധനാഴ്ച രാത്രി പള്ളിച്ചലിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ശേഷം മടങ്ങുമ്പോഴാണ് മടവൂർപ്പാറയിൽെവച്ച് സ്കൂട്ടർ ലോറിയിലിടിച്ചത്. നാട്ടുകാർ ഇവരെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലും ശാമുവേലും മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിൻ, വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയാണ് മരണപ്പെട്ടത്.
ശാമുവേലിന് പന്തൽപണിയും കാറ്ററിങ് ജോലിയുമായിരുന്നു. അഖിൽ ഡ്രൈവിങ്ങിനും മറ്റു പണികൾക്കും പോയിരുന്നു. അഭിൻ മേള കലാകാരനായിരുന്നു. അഖിലിന്റെയും ശാമുവേലിന്റെയും സംസ്കാരം നടന്നു. അഭിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അഭിയയാണ് അഭിന്റെ സഹോദരി. സംസ്കാരം വെള്ളിയാഴ്ച നടക്കും. അപകടത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തു.
മടവൂർപ്പാറയിൽ വീട്ടുസാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു മനോജ്. ഈ സമയത്ത് അപകടം കണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. പിന്നീട് വീട്ടിലേക്കു മടങ്ങുമ്പോഴാണ് താന്നിവിള റോഡിൽ അപകടമുണ്ടായത്. പരിക്കേറ്റ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നരുവാമൂട് പോലീസ് കേസെടുത്തു.
Three youths die scooter hits lorry man tried save them dies bike hits electric pole thiruvananthapuram
