Related Stories





































May 15, 2025 05:58 AM

ജമ്മു: (truevisionnews.com) സംഘര്‍ഷം അയഞ്ഞതോടെ ജമ്മു കശ്‌മീരിലെ ജനജീവിതം സാധാരണ നിലയിലേക്ക്. പാക് പ്രകോപനത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ അടഞ്ഞുകിടന്നിരുന്ന അനവധി സ്‌കൂളുകള്‍ ഇന്ന് തുറക്കും. ജമ്മു ആന്‍‍ഡ് കശ്‌മീരിലെ പല അതിര്‍ത്തി പ്രദേശങ്ങളിലെയും സ്‌കൂളുകള്‍ മെയ് 15ന് തുറക്കുമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്‌മീരിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകളെല്ലാം അഞ്ചാറ് ദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു.

ഏതാണ്ട് ഒരാഴ്‌ച നീണ്ട സംഘര്‍ഷഭരിതമായ കാലത്തിന് ശേഷം ജമ്മു ആന്‍ഡ് കശ്‌മീരിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കും. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണവും വ്യോമാക്രമണവും കടുത്തതോടെ ഈ സ്‌കൂളുകളെല്ലാം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അടഞ്ഞുകിടക്കുകയായിരുന്നു.

ജമ്മുവില്‍ ചൗക്കി കൗര, ഭാല്‍വാല്‍, ദാന്‍സാല്‍, ഗാന്ധി നഗര്‍, ജമ്മു പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നവയിലുണ്ട്. സാംബയില്‍ വിജയ്‌പൂരിലുള്ള സ്‌കൂളുകളും കത്വയില്‍ ബര്‍നോട്ടി, ലാഖ്‌നപൂര്‍, സാല്ലാന്‍, ഘഗ്‌വാള്‍ സോണുകളിലെ സ്‌കൂളുകളും തുറക്കും. രജൗരിയിലാവട്ടെ, പീരി, കല്‍കോട്ടെ, മോഖ്‌ല, തനമാണ്ഡി, ഖവാസ്, ലോവര്‍ ഹാത്താല്‍, ദര്‍ഹാള്‍ മേഖലകളിലെ സ്‌കൂളുകളാണ് ഇന്ന് തുറക്കുക. പൂഞ്ചില്‍ സുരാന്‍കോട്ടെ, ബഫ്‌ലിയാസ് മേഖലകളിലെ സ്‌കൂളുകളാണ് ഇന്ന് വീണ്ടും വിദ്യാര്‍ഥികളെ സ്വീകരിക്കുന്നത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ തടസങ്ങളില്ലാതെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ജമ്മു ആന്‍ഡ് കശ്‌മീര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. ഉദ്ദംപൂര്‍, ബാനി, ബഷോളി, മഹന്‍പൂര്‍, ഭാഡ്ഡു, മല്‍ഹാര്‍, കത്വ ജില്ലയിലെ ബില്‍വാര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ഇന്നലെ തുറന്നിരുന്നു. വിദ്യാര്‍ഥികള്‍ യൂണിഫോം അണിഞ്ഞ് സ്‌കൂളിലേക്ക് പോകുന്ന മനോഹര കാഴ്‌ച ഉദ്ദംപൂരില്‍ നിന്ന് ഇന്നലെ രാവിലെ ദൃശ്യമായിരുന്നു.

ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് 26 വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകരതാവളങ്ങള്‍ മെയ് ഏഴിന് പുലര്‍ച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിലൂടെ ഇന്ത്യ വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു. ഒട്ടേറെ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിക്കുകയും ചെയ്തു.

ഇതിന് ശേഷം കനത്ത ഡ്രോണ്‍, ഷെല്‍ ആക്രമണമാണ് അതിര്‍ത്തിയിലും, വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും ജനവാസ മേഖലയിലേക്കും പാകിസ്ഥാന്‍ സൈന്യം അഴിച്ചുവിട്ടത്. ഇതിന് അതിശക്തമായ തിരിച്ചടി ഇന്ത്യ നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതും പതിയെ ജമ്മു ആന്‍ഡ് കശ്‌മീര്‍ അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങള്‍ സമാധാനത്തിലേക്ക് മടങ്ങിവരുന്നതും.



Life Jammu and Kashmir returns normal many schools along border open today

Next TV

Top Stories










GCC News