ദില്ലി: (truevisionnews.com) സമീപ ദിവസങ്ങളിൽ നിയന്ത്രണ രേഖയിൽ (എൽഒസി) കടന്നു പോയത് സമാധാനത്തിന്റെ രാത്രിയെന്ന് സൈനിക വൃത്തങ്ങൾ. ജമ്മു കശ്മീരിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും രാത്രി ഏറെക്കുറെ ശാന്തമായിരുന്നു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെ ഇതുവരെയും അതിർത്തി മേഖല സാധാരണ നിലയിലായിരുന്നു.

ഇന്നലെ രാത്രി ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി. പഞ്ചാബിൽ സ്ഥിതി ശാന്തമായി തുടരുന്നു. പലയിടങ്ങളിലും,മുൻ കരുതലിൻ്റെ ഭാഗമായി ജനങ്ങൾ ലൈറ്റുകൾ ഓഫ് ചെയ്ത് ബ്ലാക്ക് ഔട്ട് നടപ്പാക്കി. അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും പ്രവർത്തിക്കില്ല.
കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ തിരിച്ചടി നൽകിയിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷം ശനിയാഴ്ച്ച വൈകുന്നേരം ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
കര, വ്യോമ, സമുദ്ര മേഖലകളിലെ എല്ലാ ആക്രമണങ്ങളും സൈനിക നടപടികളും നിർത്തി വക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ആദ്യം ലോകത്തെ അറിയിച്ചത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം, ശ്രീനഗർ, ഗുജറാത്തിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെ ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോണുകൾ കണ്ടെത്തി. പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഇപ്പോൾ കാര്യങ്ങൾ വീണ്ടും സമാധാനപരമായി നീങ്ങുകയാണ്.
india pakistan war Indian Army denies reports of drone sightings in some places
