കണ്ണൂര്‍:(truevisionnews.com) മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന സ്തൂപം വീണ്ടും തകര്‍ത്തു. മലപ്പട്ടത്തേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയെ തുടര്‍ന്ന് സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് സ്തൂപം തകര്‍ത്തത്. അടുവാപ്പുറത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ച ഗാന്ധി രക്തസാക്ഷി സ്തൂപം നേരത്തെ തകര്‍ത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി പി ആര്‍ സനീഷിന്റെ വീടിന് നേരെ ആക്രമണവും നടന്നു. തകര്‍ത്ത സ്തൂപത്തിന് പകരം പുതിയ സ്തൂപം നിര്‍മ്മിക്കുന്നതിനായി കെ സുധാകരന്‍ തറക്കല്ലിട്ടിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിക്കുന്ന ജനാധിപത്യ സംരക്ഷണയാത്രയ്ക്കിടെയാണ് ഇന്ന് സംഘര്‍ഷമുണ്ടായത്. ജാഥ മലപ്പട്ടം ടൗണില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. സിപിഐഎം ഓഫീസിന്റെ ചില്ല് തകര്‍ന്നു. സിപിഐഎം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പൊലീസ് പ്രദേശത്ത് ലാത്തി ചാര്‍ജ്ജ് നടത്തി.
കഴിഞ്ഞയാഴ്ച്ച മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധിസ്തൂപം തകര്‍ക്കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥയും സമ്മേളനവും നടത്തിയത്. ജാഥയ്ക്കിടെയും സമ്മേളനത്തിന് ശേഷവും സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപി ഐഎം പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാരോട് പിരിഞ്ഞുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും സിപിഐഎമ്മുകാര്‍ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
Congress stupa Malapattam Kannur demolished again
