ന്യൂഡൽഹി: (truevisionnews.com) ആദായ നികുതി അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ കമ്പനിയിൽ നിന്ന് 70 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നിരുതി കമ്മീഷണറെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഇൻകം ടാക്സ് എക്സെംഷൻ വിഭാഗം കമ്മീഷണർ ജീവൻ ലാൽ ആണ് പിടിയിലായത്. വ്യവസായ സ്ഥാപനമായ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. 2004 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് ജീവൻ ലാൽ.

ഇൻകം ടാക്സ് കമ്മീഷണർക്ക് പുറമെ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിലെ ടാക്സേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെയുള്ള മറ്റ് നാല് പേരും അറസ്റ്റിലായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൈദരാബാദിലെ പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്സ് കമ്മീഷണർക്ക് കീഴിൽ രണ്ട് ഇൻകം ടാക്സ് അപ്പീൽ യൂണിറ്റുകളുടെ കമ്മീഷണറുടെ അധിക ചുമതലയും ജീവൻ ലാൽ വഹിച്ചിരുന്നു. ഇയാൾ ഉൾപ്പെടെ 14 പേരെ പ്രതി ചേർത്താണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇടനിലക്കാരുടെ സഹായത്തോടെ നിയമവിരുദ്ധമായ പ്രവൃത്തികളിലും അഴിമതി ഇടപാടുകളിലും ഇവർ ഭാഗമായെന്ന് സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. കമ്മീഷണറുടെ പരിഗണനയിൽ വരാനിരിക്കുന്ന ആദായ നികുതി അപ്പീൽ കേസുകളിൽ നിയമവിരുദ്ധമായി അനുകൂല തീരുമാനമെടുക്കാൻ വേണ്ടിയായിരുന്നു 70 ലക്ഷം രൂപയുടെ കൈക്കൂലി. പണം സ്വീകരിക്കുന്നതിനിടെ സിബിഐ ഒരുക്കിയ കെണിയിൽ കുടുങ്ങുകയും പിന്നാലെ അറസ്റ്റിലാവുകയുമായിരുന്നു.
മുംബൈ, ഹൈദരാബാദ്, ഖമ്മം, വിശാഖപട്ടണം, ന്യു ഡൽഹി എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളിൽ അറസ്റ്റിന് തുടർച്ചയായി സിബിഐ റെയ്ഡ് നടത്തി. ഇതിൽ കൈക്കൂലി വാങ്ങിയ 70 ലക്ഷം രൂപയ്ക്ക് പുറമെ 69 ലക്ഷം കൂടി കണ്ടെടുത്തു. അറസ്റ്റിലായവരെ മുബൈ, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ സിബിഐ കോടതികളിൽ ഹാജരാക്കിയതായും സിബിഐ വക്താവ് അറിയിച്ചു.
Income Tax Commissioner arrested bribe
