ദില്ലി: (truevisionnews.com) ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ദില്ലിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും സാധാരണ നിലയിലായതായി അറിയിപ്പ്. അതേസമയം, ഇന്ത്യയുടെ അതിര്‍ത്തി നഗരങ്ങളില്‍ ഡ്രോണാക്രമണം അടക്കം പാകിസ്ഥാന്‍റെ ശക്തമായ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കനത്ത ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്താവളം പുറത്തിറക്കിയിട്ടുണ്ട്. ദില്ലിയില്‍ നിന്നുള്ള ഏറെ വിമാന സര്‍വീസുകള്‍ കഴിഞ്ഞ രണ്ട് ദിവസം മുടങ്ങിയിരുന്നു.

യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
ശനിയാഴ്ച പുലര്‍ച്ചെ ദില്ലി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. യാത്രക്കാര്‍ക്കായി ദില്ലി എയര്‍പോര്‍ട്ട് അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദില്ലി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിലവില്‍ സാധാരണ നിലയിലാണ്. വ്യോമയാന മന്ത്രാലയത്തിന്‍റെ ഉത്തരവുകള്‍ പ്രകാരം ഇന്ത്യന്‍ വ്യോമമേഖലയില്‍ സുരക്ഷ ശക്തമാക്കിയതിനാല്‍, ചില വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടായേക്കാം.
അതിനാല്‍ വിമാന കമ്പനികള്‍ വഴിയോ ദില്ലി വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തുക. ചെക്കിംഗിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. യാത്രക്കാര്‍ വിമാന കമ്പനികളില്‍ നിന്നുള്ള അറിയിപ്പുകള്‍ പിന്തുടരുക. ഹാന്‍ഡ് ബാഗേജ്, ചെക്ക്-ഇന്‍ ലഗേജ് നിയമങ്ങള്‍ പാലിക്കുക, സുരക്ഷാ പരിശോധന വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ വിമാനത്താവളത്തില്‍ നേരത്തെയെത്തുക, സുഗമമായ പരിശോധനകള്‍ക്കും യാത്രയ്ക്കുമായി എയര്‍ലൈന്‍, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
ആധികാരികമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക വൃത്തങ്ങളെ ബന്ധപ്പെടുക, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക- എന്നിവയാണ് ദില്ലി വിമാനത്താവളം യാത്രക്കാര്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്.
ഇന്ത്യ-പാക് സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ 32 വിമാനത്താവളങ്ങൾ ഈ മാസം 14 വരെ അടച്ചു. അതിർത്തി മേഖലയിലെ വ്യോമപാതയും ഇന്ത്യ അടച്ചു. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധനകൾ കൂടുതൽ ശക്തമാക്കി. വിമാന സമയക്രമങ്ങളിൽ മാറ്റം വന്നേക്കും.
യാത്രക്കാർ ഷെഡ്യൂളുകൾ പരിശോധിച്ച ശേഷം മാത്രം വിമാനത്താവളങ്ങളില്‍ എത്താൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം, പാകിസ്ഥാന്‍ ഇന്ന് രാവിലെയും ജമ്മു കശ്‌മീരിലും പഞ്ചാബിലുമടക്കം പ്രകോപനം തുടരുകയാണ്. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് മുതിരുന്നത്. ഇന്നലെ രാത്രി പാകിസ്ഥാന്‍റെ എല്ലാ ആക്രമണ ശ്രമങ്ങള്‍ക്കും ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇസ്ലാമാബാദും കറാച്ചിയും ലാഹോറും അടക്കം എട്ട് പാക് നഗരങ്ങളിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
Passengers should arrive early checkin may delayed Delhi airport issues notice
