ആലപ്പുഴ: ( www.truevisionnews.com ) ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കത്തിയനിലയിൽ ആയിരുന്നു അസ്ഥികൾ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.
ഇത് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധനയ്ക്കായി ജൈനമ്മയുടെ കുടുംബം ഇന്ന് സാമ്പിളുകൾ നൽകും. ഇന്നലെയാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്.
.gif)

കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടിൽ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായാണ് വിവരം. ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭൻ (47), കോട്ടയം ഏറ്റുമാന്നൂർ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിൽ സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ അന്വഷണത്തിലാണ് വീട്ട് വളപ്പിൽ പരിശോധന നടത്തിയത്.
ലഭിച്ച അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയപരിശോധനകൾ നടത്തിയാൽ മാത്രമേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണേയെന്നു തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. തിങ്കളാഴ്ച മൂന്ന് മണിയോടെ കോട്ടയം ക്രൈംബ്രാഞ്ച് എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന തുടങ്ങിയിരുന്നു.
രണ്ട് സ്ഥലങ്ങളിൽ കുഴിയെടുത്ത ശേഷമാണ് അസ്ഥി കഷണങ്ങൾ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പൊലീസ് പൂർണമായും ബന്തവസിലാക്കി. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ദരുമടക്കം വൻ പൊലീസ് സംഘം സ്ഥലത്തെത്തി.
പരിശോധനകൾ രാത്രി വൈകിയും തുടരുകയാണ്. ബിന്ദുപത്മനാഭൻ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈബ്രാഞ്ച് എസ്പി കെ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് തെളിവെടുപ്പു നടത്തി.
Skeletal remains found in Cherthala are human family will provide sample for DNA testing
