കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ എല്ലാവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. എന്നാൽ ആരോഗ്യത്തെ ശ്രദ്ധിക്കുമ്പോഴും മധുര പദാർത്ഥങ്ങൾ ഒഴിവാക്കുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ ആരോഗ്യത്തോട് കൂടിയും രുചിയോട് കൂടിയും എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഒരു ഐസ്ക്രീം ആയാലോ...?
മധുരം ഉപേക്ഷിച്ചുള്ള ഡയറ്റും വ്യായാമവുമൊക്കെ ജീവിതത്തിന്റെ ഭാഗമായപ്പോൾ ഐസ്ക്രീം എന്നത് കൈയെത്തിപ്പിടിക്കാനാവാത്ത ഒരു സ്വപ്നം മാത്രമായി. പ്രകൃതിയുടെ തനതായ മധുരവും ഗുണങ്ങളും ഉപയോഗിച്ച്, യാതൊരുവിധ കുറ്റബോധവുമില്ലാതെ നമുക്കും ഐസ്ക്രീം ഉണ്ടാക്കാൻ സാധിക്കുമെന്ന്! അതും വെറും കുറഞ്ഞ ചേരുവകൾ കൊണ്ട്.
.gif)

അന്നു മുതൽ എൻ്റെ അടുക്കളയിലെ സൂപ്പർ ഹീറോയാണ് ഈ ഹെൽത്തി ഐസ്ക്രീം. ഇനി നിങ്ങൾക്കും ധൈര്യമായി ഐസ്ക്രീം കഴിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നൽകാം. അതാണ് ഷുഗർ ലെസ്സ് ഹെൽത്തി ഐസ്ക്രീം.
ആവശ്യമായ ചേരുവകൾ
- തണുപ്പിച്ച് കഷ്ണങ്ങളാക്കിയ ചെറുപഴം - രണ്ട് കപ്പ് (നന്നായി പഴുത്ത പഴമാണെങ്കിൽ കൂടുതൽ മധുരം നൽകും)
- കൊക്കോ പൗഡർ - രണ്ട് ടേബിൾസ്പൂൺ (മധുരമില്ലാത്ത കൊക്കോ പൗഡർ ഉപയോഗിക്കാൻ ശ്രമിക്കുക)
- ബദാം - 1/3 കപ്പ്
- തേൻ - 1/4 കപ്പ് (മധുരത്തിനനുസരിച്ച്)
- വാനില എസ്സെൻസ് - 1/2 ടീസ്പൂൺ
- പാൽ - 1/4 കപ്പ് പശുവിൻ പാൽ (ബദാം മിൽക്ക് ഉപയോഗിച്ചാൽ കൂടുതൽ ആരോഗ്യപ്രദമാക്കാം)
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് തണുപ്പിച്ച് കഷ്ണങ്ങളാക്കിയ ചെറുപഴം, കൊക്കോ പൗഡർ, ബദാം, തേൻ, വാനില എസ്സെൻസ്, പാൽ എന്നിവ ചേർക്കുക. എല്ലാം കൂടിച്ചേർന്ന് നല്ല ക്രീം പരുവത്തിൽ എത്തുന്നതുവരെ നന്നായി അടിച്ചെടുക്കുക.
പഴം തണുപ്പിച്ചതായതുകൊണ്ട് മിശ്രിതത്തിന് നല്ല കട്ടിയുണ്ടാകും. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ പാൽ കൂടി ചേർത്ത് അടിച്ചെടുക്കാം. ഈ മിശ്രിതം വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് മാറ്റി അടച്ച് ഫ്രീസറിൽ ഏകദേശം ആറ് മണിക്കൂർ വെക്കുക.
തണുത്തുറഞ്ഞ ശേഷം പുറത്തെടുത്ത് ഒരു സ്കൂപ്പ് ഉപയോഗിച്ച് കോരിയെടുത്ത് ആസ്വദിക്കാം. വേണമെങ്കിൽ മുകളിലായി കുറച്ച് ചോക്ലേറ്റ് ചിപ്സോ, നട്സോ വിതറി അലങ്കരിക്കാം.
ഇനി ഐസ്ക്രീം കഴിക്കാനുള്ള ആഗ്രഹം മനസ്സിൽ ഒതുക്കിവെക്കേണ്ട. പഴത്തിന്റെ സ്വാഭാവിക മധുരവും കൊക്കോയുടെ കൊതിയൂറും രുചിയും ബദാമിന്റെ ഗുണങ്ങളും ചേരുമ്പോൾ ഇതിൽപ്പരം സന്തോഷം നൽകുന്ന മറ്റെന്തുണ്ട്? ഒന്ന് പരീക്ഷിച്ച് നോക്കൂ, നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടപ്പെടും. ആരോഗ്യവും രുചിയും ഒരുപോലെ ചേർന്ന ഈ ഐസ്ക്രീം നിങ്ങളുടെ പ്രിയപ്പെട്ടതായി മാറുമെന്നതിൽ സംശയമില്ല.
Sugar less healthy ice cream
