(truevisionnews.com) എന്നും ഉഴുന്ന് ദോശ കഴിച്ചു മടുത്തവരാണെങ്കിൽ ഇതാ പിടിച്ചോ ഹെൽത്തി റിച്ച് ദോശ. ഒരു ദിവസത്തെ മുഴുവൻ എനർജിയും നമ്മളിൽ നിറയുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. പക്ഷേ നാം എല്ലാവരും പുതിയ രുചിയെ ഇഷ്ടപ്പെടുന്നവരുമാണ്. അതുകൊണ്ടുതന്നെ എന്നും ഒരേ വിഭവമാണെങ്കിൽ രാവിലെതന്നെ നമ്മുടെ മുഖം ഒന്ന് കറുക്കും.
എന്നാൽ നമ്മുടെ ദോശ പോഷകസമൃദ്ധവും രുചികരവുമാണ്. കൂടാതെ പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു. അരിയും പയറുവർഗ്ഗങ്ങളും ചേരുമ്പോൾ ദോശ സമ്പൂർണ്ണ പ്രോട്ടീന്റെ ഉറവിടമായി മാറുകയും ഇത് നിങ്ങളുടെ പേശികളുടെ ബലം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. എങ്കിൽ നമുക്ക് തയ്യാറാക്കിയാലോ?
.gif)

ഒരു പാത്രത്തിൽ ഒരു കപ്പ് അരി, അരക്കപ്പ് ഉഴുന്ന്, കാൽ കപ്പ് ചെറുപയർ, കാൽ കപ്പ് തുവരപ്പരിപ്പ്, രണ്ട് ടീസ്പൂൺ, കടലപ്പരിപ്പ്, രണ്ട് ടീസ്പൂൺ ഉലുവയും ചേർത്ത് നന്നായി കഴുകി വൃത്തിയാക്കുക. അതിലേക്ക് കുതിരാൻ പാകത്തിലുള്ള വെള്ളം ചേർത്ത് നാലു മണിക്കൂർ വെക്കുക.
നാലു മണിക്കൂർ കഴിഞ്ഞതിനുശേഷം ഒരു തവണ കൂടി കഴുകി എടുക്കുക. അതിൽ നിന്നും കുറച്ചെടുത്ത് അരച്ചെടുക്കുക. അരച്ചെടുത്തത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബാക്കി ഉള്ളതിലേക്ക് രണ്ടു പച്ചമുളക്, ഒരു കഷ്ണം ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് അരയ്‌ക്കുക. അതു പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. എന്നിട്ട് കുറഞ്ഞത് ആറുമണിക്കൂർ എങ്കിലും പുളിപ്പിക്കാൻ വെക്കണം. പുളിപ്പിച്ചുവെച്ച മാവ് എടുത്ത് ചൂടുള്ള ദോശക്കല്ലിൽ കനം കുറച്ച് പരത്തിയെടുക്കുക.
സ്വാദിഷ്ടവും ആരോഗ്യപരവുമായ ഹെൽത്തി റിച്ച് ദോശ തയ്യാർ. ഈ മാവ് ഉപയോഗിച്ച് ഇഡ്ഡലിയും തയ്യാറാക്കാം. വിശപ്പടക്കാൻ എന്തും കഴിക്കുന്ന ശീലത്തേക്കാൾ ആരോഗ്യപരമായ ഭക്ഷണ ശീലം ഇതിലൂടെ കൊണ്ടു വരാം.
ഉഴുന്ന് ദോശയുടെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങൾ:
പ്രോട്ടീൻ സമ്പന്നം: ഉഴുന്നിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളർച്ചയ്ക്കും കേടുപാടുകൾ തീർക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ്. സസ്യാഹാരികൾക്ക് പ്രോട്ടീന്റെ നല്ലൊരു സ്രോതസ്സാണിത്.
നാരുകൾ: ഉഴുന്നിൽ നാരുകൾ ധാരാളമുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. നാരുകൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
കാർബോഹൈഡ്രേറ്റ്സ്: അരിയിൽ നിന്നും ലഭിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. ദോശ ഒരു ദിവസത്തേക്കുള്ള ഊർജ്ജം നൽകുന്ന നല്ലൊരു പ്രഭാതഭക്ഷണമാണ്.
വിറ്റാമിനുകളും ധാതുക്കളും: ഉഴുന്നിൽ ഇരുമ്പ് (Iron), ഫോളിക് ആസിഡ് (Folic Acid), മഗ്നീഷ്യം (Magnesium), പൊട്ടാസ്യം (Potassium) തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
ദഹിക്കാൻ എളുപ്പം: ഉഴുന്ന് മാവ് പുളിപ്പിച്ചാണ് ദോശ ഉണ്ടാക്കുന്നത്. ഈ പ്രക്രിയ ദോശയെ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമാക്കി മാറ്റുന്നു. ഇത് പോഷകങ്ങളെ ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാനും സഹായിക്കും.
കൊളസ്ട്രോൾ രഹിതം: ഉഴുന്നും അരിയും സസ്യാധിഷ്ഠിതമായതിനാൽ ദോശയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല.
uzhunnu dosha recipie
