തിരുവനന്തപുരം: (truevisionnews.com) അന്തരിച്ച മുൻ മുഖ്യ മന്ത്രി വി എസ് അച്യുതാനന്ദന്റെ ബൗദ്ധിക ശരീരവുമായി നീങ്ങുന്ന വിലാപ യാത്ര രണ്ടു മണിക്കൂർ പിന്നിടുന്നു. പതിനായിരങ്ങളാണ് വി എസിന്റെ വിലാപയാത്രയിൽ സാക്ഷികളായി നീങ്ങുന്നത് . ജനനായകനു വിട നൽകാനായി തിരുവനന്തപുരം മുഴുവൻ റോഡരികിൽ കാത്തുന്നുനിൽക്കുന്നു .
പ്രായഭേദമന്യേ ചെറുപ്പക്കാരും കുട്ടികളും മുതിർന്നവരും വി എസിനെ ഒരു നോക്ക് കാണാൻ കൊതിച്ചു നിൽക്കുന്നു. കേശവദാസപുരത്തു നിന്നും ഉള്ളൂരിലേക്ക് വിലാപയാത്ര നീങ്ങിക്കൊണ്ടിരിക്കുകയാണ്.
.gif)

രാവിലെ 9 മുതൽ ദർബാർ ഹാളിൽ നടന്ന പൊതുദർശനം രണ്ടോടെ അവസാനിച്ചു. പതിനായിരങ്ങളാണ് പ്രായഭേദമന്യേ പ്രിയ സഖാവിനെ അവസാനനോക്ക് കാണാനായി ദർബാർ ഹാളിലെത്തിയത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. പ്രത്യേകം തയാറാക്കിയ കെ എസ് ആർ ടി സി ബസിലാണ് വി എസിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരിച്ചത്. സാധാരണ കെഎസ്ആർടിസി ബസിൽനിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള എ.സി. ലോ ഫ്‌ളോർ ബസാണ് വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
വിഎസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടി.പി.പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ.ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച്.നവാസും, പേരൂർക്കട ഡിപ്പോയിലെ വി.ശ്രീജേഷുമാണ്.
വിഎസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ട്. ഇന്നു രാത്രി ഒൻപതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
vs achuthanandan mourning procession to alappuzha
