മാര്‍ക്സിസത്തിന്റെ മനുഷ്യപ്പറ്റ്; ടി പി ചന്ദ്രശേഖരനും മംഗലപ്പള്ളി ജോസഫും പിന്നെ വിഎസും

മാര്‍ക്സിസത്തിന്റെ മനുഷ്യപ്പറ്റ്;  ടി പി ചന്ദ്രശേഖരനും മംഗലപ്പള്ളി ജോസഫും പിന്നെ വിഎസും
Jul 21, 2025 04:30 PM | By Jain Rosviya

( www.truevisionnews.com) മാര്‍ക്സിസത്തിന്റെ മനുഷ്യപ്പറ്റിൻ്റെ നേർചിത്രമായിരുന്നു വി എസ് അച്യുതാനന്തൻ. ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരനും ആലപ്പുഴയിലെ മംഗലപ്പള്ളി ജോസഫും ആരായിരുന്നു വി എസ്സിന് പരിശോദിക്കാം.

പഴയകാലത്തെ സഹപ്രവർത്തകന്റെ സുഖമില്ലാത്ത മകനെ സ്വന്തം കാറിൽ കൂട്ടിക്കൊണ്ടുവന്ന് മാസങ്ങളോളം ഔദ്യോഗികവസതിയിൽ താമസിപ്പിച്ച് ചികിത്സയ്ക്ക് ഏർപ്പാടാക്കിയ ഏത് മുതിർന്ന നേതാവുണ്ട് കേരളത്തിൽ ... മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ മന്ത്രിമാരോ ആയവർ... അതിനും ഒറ്റ ഉത്തരമേയുള്ളൂ - ഒരേയൊരാൾ, വി എസ്.


വലിയവർ ചെറിയത് ചെയ്താലും വ്യാപകമായ പ്രചാരണം കിട്ടുമല്ലോ. മാധ്യമ പരിലാളനയിലും സ്വന്തമായുള്ള പി ആർ ചുമതലക്കാരുടെ കൊണ്ടുപിടിച്ചുള്ള തള്ളലിലും . എങ്ങോട്ടെങ്കിലുമുള്ള യാത്രക്കിടെ വഴിയിൽ ചില സംപൂജ്യരായ നേതാക്കൾ ചായക്കടയിൽ കയറുന്ന സീനുണ്ടാക്കി കൗതുക കഥകൾ രചിക്കുന്നവർ അറിയാത്ത ഒരുപാട് വാർത്തകളുണ്ട് സഖാവ് അച്യുതാനന്ദനു ചുറ്റും.


അത്തരത്തിലൊന്നാണ് കുട്ടനാട് കാവാലത്തെ മംഗലപ്പള്ളി ജോസഫ് മകൻ മാത്തുണ്ണിക്ക് വി എസ് ലഭ്യമാക്കിയ ചികിത്സയും പരിചരണവും. എം ജെ മാത്തുണ്ണി സി പി ഐ - എം കുട്ടനാട് ഏരിയാ സെക്രട്ടറി ആയിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും. 1995 ഏപ്രിൽ അവസാനത്തിലാണ് രോഗബാധിതനായി ചികിത്സ തേടുന്നത്.

മാത്തുണ്ണി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണെന്നറിഞ്ഞ് പ്രതിപക്ഷനേതാവ് വി എസ് അവിടെയെത്തി. സഖാവിന്റ രോഗനിലയിൽ അദ്ദേഹത്തിന് ആശങ്ക തോന്നി. ഡോക്ടർമാരോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിദഗ്ധ ചികിത്സ വേണം. അപ്പോൾതന്നെ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തുവാങ്ങി മാത്തുണ്ണിയെ തന്റെ കാറിൽ തിരുവനന്തപുരത്തേക്ക് വി എസ് കൊണ്ടുപോന്നു.

ശ്രീചിത്രയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ഡോക്ടർമാരെ വരുത്തി പരിശോധിപ്പിച്ചു. ഒട്ടേറെ ലാബ് - സ്കാനിംഗ് ടെസ്റ്റുകളും. മൂന്നുനാലു ദിവസം കഴിഞ്ഞ് ഹൃദ്രോഗവിഭാഗത്തിലെ സീനിയർ ഡോക്ടർമാർ വി എസിനെ കണ്ടു. പരിശോധനാഫലം വീഡിയോ ദൃശ്യങ്ങൾസഹിതം ധരിപ്പിച്ചു.


ഹൃദയത്തിന്റെ വികാസവും ചുരുങ്ങലും സാധാരണപോലെയല്ല. മേജർ ശസ്ത്രക്രിയ വേണം. മാറ്റിവെക്കലേ പരിഹാരമുള്ളൂ. യോജിച്ച ഹൃദയം കിട്ടുന്നതുവരെ കാത്തിരിക്കണം. അല്പം ആശ്വാസമായതോടെ മാത്തുണ്ണിയെ കന്റോൺമെന്റ് ഹൗസിലേക്ക് കൂട്ടി. അവിടെ വിദഗ്ധ ആയുർവേദ ചികിത്സയ്ക്ക് മുറി സൗകര്യപ്പെടുത്തി. ഇരുവിഭാഗം ഡോക്ടർമാരുടെയും ഉപദേശ- നിർദേശങ്ങൾ അതിനകം ആരാഞ്ഞിരുന്നു. ചികിത്സയും വിശ്രമവുമായി രണ്ടു മാസം പിന്നിട്ടു.

തലസ്ഥാനത്തുള്ള എല്ലാ നാളിലും മാത്തുണ്ണിയെ വി എസ് കാണും ; സംസാരിക്കും.

ജൂലായ് 8 ന് ആലപ്പുഴയ്ക്ക് പുറപ്പെടുമ്പോൾ വി എസ് പറഞ്ഞു - " ഞാനൊന്ന് വടക്കോട്ട് പോവുകയാണ്. ചില പരിപാടികൾ ഉണ്ട് . വന്നിട്ട് കാണാം " .

മാത്തുണ്ണി പുഞ്ചിരിച്ചു. പിറ്റേന്നു വൈകുന്നേരം നാലുമണിയോടെ മാത്തുണ്ണിക്ക് ക്ഷീണം കൂടി. ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയിൽ പറവൂരിലെ വീട്ടിലായിരുന്ന വി എസിനെ ഫോണിൽ ഉടൻ വിവരമറിയിച്ചു. എല്ലാ പരിപാടികളും ഒഴിവാക്കി വൈകാതെ അദ്ദേഹം തലസ്ഥാനത്തേക്ക് തിരിച്ചു. അത്യാസന്ന നിലയിലായിരുന്ന സഖാവിന്റെ അടുത്തേക്ക് .

പിറ്റേന്നാണ് മാത്തുണ്ണി അന്ത്യവിട ചൊല്ലിയത് ; ജൂലായ് 10 ന് .

കുട്ടനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന ആബുലൻസിനെ വി എസും അനുഗമിച്ചു. അന്ത്യോപചാരത്തിനുശേഷം കാവാലത്തു ചേർന്ന അനുശോചന യോഗത്തിൽ വി എസ് സംസാരിക്കുകയുമുണ്ടായി. ഏതാനും വർഷങ്ങൾക്കുമുമ്പ് വിടപറഞ്ഞ മാത്തുണ്ണിയുടെ അച്ഛൻ ജോസഫിന്റെ പേര് പരാമർശിക്കുമ്പോൾതന്നെ വി എസിന് തൊണ്ട ഇടറി.

കണ്ണുകൾ നിറഞ്ഞു. വാക്കുകൾ മുറിഞ്ഞു. കുട്ടനാട്ടിൽ കർഷകതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മിനക്കെട്ട 1945 - 50 കാലത്ത് വി എസിന്റെ സന്തതസഹചാരിയായിരുന്നു മംഗലപ്പള്ളി ജോസഫ് ജീവകാരുണ്യപരമായി ചെയ്യുന്ന ഒന്നും അധികമാരും പുറത്തറിയിക്കാറില്ല. വലതു കൈ അയയുന്നത് ഇടതു കൈ അറിയരുതെന്നാണ് വിശ്വാസം.

ആ വശം വിട്ടാലും അതിന്റെ ഗുണഭോക്താക്കൾക്ക് ഒരു കുറച്ചിൽ തോന്നരുതല്ലോ . അതുകൊണ്ടല്ലേ പാവപ്പെട്ടവർക്കുള്ള ധനസഹായത്തിന്റെ കേന്ദ്രമുദ്ര അവരുടെ വീടുകളിൽ പതിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞത്.

എന്നാൽ വി എസ് കാണുന്നത് അങ്ങനെയുമല്ല. പൊതുകാര്യങ്ങളിൽ ഇടപെട്ട് ചെയ്യുന്നതേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന പക്ഷക്കാരനാണ് വി എസ്. നൂറിന്നടുത്ത് എത്തിയപ്പോഴല്ലേ ചില മാധ്യമങ്ങൾക്കെങ്കിലും അദ്ദേഹത്തിന്റെ പിറന്നാൾ വാർത്തയിൽ കയറിയിട്ടുള്ളൂ.

വി എസിന്റെ ആത്മരേഖ എന്ന ജീവചരിത്രം വായിക്കുന്നതുവരെ ഇതുപോലുള്ള അദ്ദേഹത്തിലെ അലിവിന്റെ പലർക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിൽ പലരുമായും നല്ല അടുപ്പമുണ്ടായിരുന്നിട്ടും ഒറ്റനോട്ടത്തിൽ മയംകുറഞ്ഞ ആളെന്ന് തോന്നിക്കുന്ന നേതാവാണ് വി എസ്. ആധുനിക നേതൃബിംബങ്ങളുടെ വാർപ്പുമാതൃകയ്ക്ക് തീരെ ചേരില്ല. തോളത്തു തട്ടലും കെട്ടിപ്പിടിക്കലും ചെവിയറ്റം വിടരുന്ന ചിരിയും ഹായ് പറഞ്ഞ് കൈവീശലും നല്ലതുതന്നെ. അതൊന്നും വി എസ് ശീലിച്ചിട്ടില്ല. എന്നാൽ, വിനയത്തിന്റെ വണക്കം - കൈകൂപ്പാൻ - മറക്കാറുമില്ല.

ഏതു സദസ്സിലായാലും സ്വീകരിക്കുന്ന വ്യക്തികൾക്കു മുമ്പിലായാലും. കക്ഷിമതിൽ മറികടന്നുള്ള മനുഷ്യപ്പറ്റിലോ ... ആരെയും പിന്നിലാക്കുകയും ചെയ്യും. അത് തെളിഞ്ഞ സന്ദർഭങ്ങൾ അനേകമുണ്ട് ഓർത്തെടുക്കാൻ അല്ല , പൊതുസമൂഹം മറക്കാനിടയില്ലാത്തവതന്നെ.

ബദൽ രേഖയെച്ചൊല്ലിയുള്ള ഏറ്റുമുട്ടൽക്കാലത്ത് എം വി രാഘവൻ ഏറ്റവുമേറെ പരിഹസിച്ചിട്ടുണ്ടാവുക വി എസിനെയാണ്. തിരിച്ചും കണക്കിന് കൊടുക്കാറുണ്ടായിരുന്നു. എന്നാൽ എം വി ആർ രോഗശയ്യയിലായപ്പോൾ അതെല്ലാം വി എസ് മറന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി പഴയ സഖാവിനെ കണ്ടു. എം വി ആറിന് അപ്പോൾ സംസാരിക്കാൻ കഴിയുമായിരുന്നില്ല. ഡോക്ടർമാരോട് അന്വേഷിച്ച് ആരോഗ്യനിലയെപ്പറ്റി മനസ്സിലാക്കി.

അരമണിക്കൂറോളം കിടക്കക്കരികിൽ നിന്നു. ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഉൾപ്പാർട്ടി തർക്കവുമായി ബന്ധപ്പെട്ട ചെറിയ ചില ഭിന്നാഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ അനഭിമതനായി മുദ്രകുത്തപ്പെട്ട മുതിർന്ന ഇടതുപക്ഷ പത്രപ്രവർത്തകനാണ് ബെർലിൻ കുഞ്ഞനന്തൻ നായർ.

കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലംമുതലേയുള്ള ബന്ധമുണ്ട് അദ്ദേഹത്തിന് മുതിർന്ന പല നേതാക്കളുമായി. പ്രായാധിക്യവും അസുഖവുംമൂലം അദ്ദേഹം കണ്ണൂർ നാറാത്ത് വീട്ടിൽ കിടപ്പിലായപ്പോൾ സി പി ഐ - എം നേതാക്കൾ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല.

വ്യക്തിപരമായ സ്നേഹവാത്സല്യങ്ങളും അടുപ്പവും പങ്കിട്ടിരുന്നവരടക്കം അകന്നുനിന്നു. കണ്ണൂർരാഷ്ട്രീയത്തിന്റെ ഒരു പ്രത്യേകതയാണത്. കക്ഷിരാഷ്ട്രീയ വിയോജിപ്പിൽ രക്തബന്ധംവരെ ഉലയും.

ഇടതു പാർട്ടികളിൽ മാത്രമല്ല ഈ പ്രവണത. അതുകൊണ്ടാകാം കുഞ്ഞനന്തൻ നായർ ഒറ്റപ്പെട്ടുപോയത്. പല നേതാക്കളെയും കാണാനുള്ള ആഗ്രഹം മാധ്യപ്രവർത്തകരുമായുള്ള സംഭാഷണത്തിൽ അദ്ദേഹം സൂചിപ്പിക്കുമായിരുന്നു.

അതറിഞ്ഞാണ് ബെർലിനെ വി എസ് സന്ദർശിച്ചത് ; വടക്കൻ ജില്ലകളിൽ തനിക്ക് പൊതുപരിപാടിയുള്ള ചില ദിവസങ്ങളിൽ . ചെന്നു ,കണ്ടു ; ഇത്തിരിനേരം സൗഹൃദസംഭാഷണവും. എല്ലാ കണ്ണികളും അറ്റുപോയിട്ടില്ലെന്ന നിർവൃതി അത്തരമൊരു നിസ്സഹായാവസ്ഥയിൽ ആ ആദ്യകാല കമ്യൂണിസ്റ്റുകാരന് നിസ്സാരമല്ലല്ലോ.

''അത് ആര് വിലക്കാൻ ; അതിലെന്ത് ന്യായം..."

ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടപ്പോൾ പ്രതിപക്ഷ നേതാവ് വി എസ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത് ഇടുങ്ങിയ മനസ്സോടെ കണ്ടവരുണ്ടാകാം . " ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു " എന്നു പ്രതികരിച്ചത് ദഹിക്കാത്തവരെയും കണ്ടേക്കാം.

പ്രതിപക്ഷനേതാവ് മാത്രമല്ല, മാനവികതയ്ക്ക് വിലകല്പിക്കുന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാരനുംകൂടിയായ വി എസിന് അവിടെ പോകാതിരിക്കാൻ കഴിയില്ലായിരുന്നു. അങ്ങനെ പറയാതിരിക്കാനും. സംസ്ഥാനത്ത് പരക്കെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഭീകര ക്വട്ടേഷൻസംഘം ചെയ്ത അരുംകൊല .

സംഘർഷസ്ഥലത്ത് എത്തിപ്പെട്ടപ്പോൾ യാദൃച്ഛികമായി ഉണ്ടായതല്ല. കരുതിക്കൂട്ടി പതിയിരുന്നാക്രമിച്ചുതന്നെ - 2012 മെയ് 4 ന് രാത്രി. പിറ്റേന്നെങ്കിലും അവിടെ സന്ദർശിക്കേണ്ട ധാർമിക ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനുണ്ട്. സംഭവത്തിൽ സി പി ഐ - എമ്മിന് ഒരു പങ്കുമില്ലെന്ന് പാർട്ടി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയതാണ്. അന്നു രാവിലെമുതൽ വയനാട്ടിലുള്ള വി എസ് വടകരയ്ക്ക് വരാതെ തലസ്ഥാനത്തേക്ക് പോയാൽ അതു ശരിയായില്ലെന്ന് ജനങ്ങൾ പറയുമെന്ന് ഉറപ്പല്ലേ . ഒഴിഞ്ഞുമാറിയാൽ അത് എങ്ങനെയൊക്കെ അലമ്പാക്കി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. അതിന് ഇടകൊടുക്കാതിരിക്കുകയല്ലേ വി എസ് ചെയ്തത്.


മാധ്യമപ്രവർത്തകർക്കു മുമ്പിൽ വി എസ് നടത്തിയ പ്രതികരണമോ ... ഒരു കാരണവശാലും ഒരു സാഹചര്യത്തിലും അങ്ങനെ കൊല്ലപ്പെട്ടുകൂടാത്ത ആൾ എന്നാണ് അപ്പറഞ്ഞതിന്റെ പച്ചമലയാളം. നിരവധി രാഷ്ട്രീയ മാറ്റംമറിച്ചിലുകൾക്ക് പാർട്ടിയിലെ അടന്നുപോകലിനും തിരിച്ചുവരലിനും സാക്ഷിയായ അനുഭവസമ്പന്നനായ വി എസിന്റെ ബോധ്യമാണത്. മനുഷ്യസ്നേഹം തരിമ്പെങ്കിലുമുള്ള, കക്ഷിരാഷ്ടീയത്തിന്റെ അന്ധത ബാധിക്കാത്ത ആരും അംഗീകരിക്കുന്ന സത്യം. കൊടി സുനിമാരോട് അനുഭാവമുള്ളവർക്കേ അതിൽ അനിഷ്ടം തോന്നേണ്ടതുള്ളൂ.

പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ശേഷിയുള്ള പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയുന്നതിൽ നല്ല പക്വത ഉണ്ടാവണം. അത് നല്ലൊരു സന്ദേശം പരത്തുന്നതും ആവേണ്ടതാണ്.ആ നിലയ്ക്കുള്ള ഗൗരവത്തോടെയാണ് പ്രതിപക്ഷനേതാവ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്.

എസ്എഫ്ഐയിലും ഡി വൈഎഫ്ഐയിലും പ്രവർത്തിച്ച അവസരത്തിൽ ചന്ദ്രശേഖരനുമായി വി എസിന് ബന്ധമുണ്ടായിരുന്നു. അത് മനസ്സിൽവെച്ചു തന്നെയാവണം ധീരനായ കമ്യൂണിസ്റ്റുകാരൻ ആയിരുന്നു എന്ന് അഭിപ്രായപ്പെട്ടതും . അതിനോട് യോജിക്കാത്തവർ ഉണ്ടാകാം. അതു സംശയിച്ച്, മരണവീട്ടിൽ ചെന്ന് ഇല്ലാത്ത കുറ്റം പറയാൻ പറ്റുമോ വി എസിന്...

ചന്ദ്രശേഖരനെയെന്നല്ല, കുടുംബത്തെയും അദ്ദേഹത്തിന് നല്ല പരിചയമുള്ളതാണല്ലോ. ഭാര്യ രമയുടെ അച്ഛൻ കെ കെ മാധവനാകട്ടെ, നേരത്തേ പാർട്ടിയുടെ ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുമായിരുന്നു. രമയുടെ ചേച്ചി എം പ്രേമയും വി എസിന് നേരിട്ടറിയുന്ന മുൻ എസ് എഫ് ഐ സംസ്ഥാന നേതാവ്. അവർക്കെല്ലാം സമാശ്വാസമായി ഓടിയെത്തിയ വി എസിനോട് സാധാരണക്കാർക്ക് മതിപ്പ് കൂടിയിട്ടല്ലേയുള്ളു. ഇത്തരം ചില സന്ദർഭങ്ങളിലെങ്കിലും കക്ഷിമതിൽ ഭേദിക്കാനാവേണ്ടേ ...

ഏതായാലും ആയുധമേന്തി ആളുകളെ കൊന്നുതള്ളുന്ന പകവീട്ടൽരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു പോയില്ലേ. അത് ഒരിക്കൽകൂടി ആവർത്തിച്ചു ബോധ്യപ്പെടുത്താൻ ചന്ദ്രശേഖരൻ വധവും വിവാദങ്ങളും ഇടയാക്കിയെന്ന് കാണാം. അനിവാര്യമായ സാഹചര്യത്തിൽ ചില സ്ഥലങ്ങളിൽ മുമ്പ് അങ്ങനെ ചിലത് സംഭവിച്ചുപോയത് മനസ്സിലാക്കാം.

ഒരു ബഹുജന പാർട്ടിക്കും പിന്തുടരാവുന്ന രീതിയല്ലല്ലോ അത്. ആയുധ പരിശീലനത്തിൽ ഊന്നിയുള്ള കായികമുറകൾ മികവായി കരുതുന്ന ആർ എസ് എസിനും എസ് ഡി പി ഐ തീവ്രഗ്രൂപിനും എന്തുമാവാം.

മതവികാരം വളർത്തി ഭ്രമിപ്പിച്ച്, അന്യമതക്കാരെ നേരിടേണ്ട വിധമാണല്ലോ സംഘിശാഖകളിലും ഗ്രീൻവാലി കളിലും പഠിപ്പിക്കുന്നത്. പൊതുസ്വീകാര്യതയുള്ള രാഷ്ട്രീയകക്ഷികൾ എല്ലാ കാര്യങ്ങളിലും വേറിട്ടൊരു വിശ്വാസ്യത നിലനിർത്തണമല്ലോ.

ആദ്യകാല നേതാക്കളിൽ മിക്കവർക്കും ഒരു ശീലമുണ്ട്. എന്ത് അനിഷ്ട സംഭവമോ ദുരന്തമോ ഉണ്ടായാലും അവർ അവിടെ എത്തിയിരിക്കും. സാന്ത്വനത്തിനോ ആത്മധൈര്യം പകരുന്നതിനോ ആവാം. തങ്ങൾക്ക് അവിടെ എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കില്ലേ എന്ന വെമ്പൽ. അത് പ്രതിഫലിക്കുന്ന വി എസിന്റെ അനുഭവസാക്ഷ്യങ്ങൾ ഒട്ടേറെയുണ്ട്. ഓഖി ദുരന്തനാളുകളിലെ ഒരോർമ ഇവിടെ പങ്കുവെക്കാം.

2017 ഡിസംബർ 4. അന്ന് വി എസ് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാണ് ; പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം എൽ എ യും .

ഓഖി ദുരന്തം ഉണ്ടായതിന്റെ പിറ്റേന്നാണ്. തിരുവനന്തപുരത്തെ വിഴിഞ്ഞം - പൂന്തുറ തീരങ്ങളിലെ അലമുറദൃശ്യങ്ങൾ വാർത്താ ചാനലിൽ കണ്ട വി എസിന് ഇരിക്കപ്പൊറുതി യില്ലാതായി. അങ്ങോട്ട് പോകാൻ ഒരുങ്ങുകയാണ്. ആദ്യം കുടുംബാംഗങ്ങൾ പറഞ്ഞുനോക്കി - " ഒക്കെ ശാന്തമാകട്ടെ, എന്നിട്ടുമതി " . ഓഫീസിൽ ഉള്ളവരും അവിടത്തെ സ്ഥിതിഗതികൾ വിശദമാക്കി - തീരത്ത് ആളുകൾ അത്യന്തം പ്രകോപിതരാണ്. അധികൃതരിൽനിന്ന് ഒരു മുന്നറിയിപ്പും ഉണ്ടായില്ല എന്നാണ് പരാതി. അതുകൊണ്ടാണ് കഷ്ടനഷ്ടങ്ങളുടെ വ്യാപ്തി കൂടിയതെന്നും. നേതാക്കളാരും അങ്ങോട്ട് ചെല്ലേണ്ട എന്നാണ് ഒരു വിഭാഗം ദേഷ്യപ്പെട്ടു പറഞ്ഞുകൊണ്ടിരിക്കുന്നത്. വി എസ് ചെന്നാൽ എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാനാവില്ല .

തുടർന്ന് തീരദേശ ജനതയിൽ ആഴത്തിൽ സ്വാധീനമുള്ള ബിഷപ്പ് തരുമേനി ഡോ. സൂസാപാക്യവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ വി സുധാകരനാണ് ഫോണിൽ സംസാരിച്ചത്. സന്ദർശനം പെട്ടെന്നു വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെയും ഉപദേശം. അക്കാര്യം അറിയിച്ചപ്പോൾ വി എസ് പൊട്ടിത്തെറിച്ചു - "ഞാൻ പിന്നെ എന്തിനാ ഇവിടെ ഇരിക്കുന്നത്. അവർ എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ ... എനിക്ക് പോയേ പറ്റൂ...'' മറുത്തുപറയാൻ ആർക്കും വയ്യാതായി. വി എസും സഹായികളും കാറിൽ കയറി. ഒരു മുന്നറിയിപ്പും കൊടുക്കാതെ വിഴിഞ്ഞത്തേക്ക് ...

കടപ്പുറം ഇളകി മറിയുകയായിരുന്നു. തിങ്ങിക്കൂടിയ ജനങ്ങളുടെ ബഹളവും നിലവിളിയും. വാഹനമിറങ്ങി ആൾക്കൂട്ടത്തിലേക്ക് നടന്നുചെന്ന വി എസിനെ കണ്ടതോടെ എല്ലാവരും അങ്ങോട്ട് തിരിഞ്ഞു. പ്രതിഷേധത്തിൽ നേരിയ അയവ് . പ്രകോപനം മാഞ്ഞു. വി എസിനെ സ്നേഹപൂർവം അവർ സ്വീകരിച്ചു. കസേര കൊണ്ടുവന്ന് അതിലിരുത്തി. ചുറ്റും കൂടിയ ആളുകൾ നിറകണ്ണുമായി സങ്കടങ്ങൾ പറഞ്ഞു. എണ്ണമറ്റ ആവലാതികൾ ...വളരെ നേരമിരുന്ന് വി എസ് വിസ്തരിച്ചുകേട്ടു. അതിനുശേഷം അദ്ദേഹം പറഞ്ഞു -

"നിങ്ങളുടെ വേദനയും കഷ്ടപ്പാടും ദുരന്തവും അറിഞ്ഞ് വരികയായിരുന്നു. കാണാതായവരുടെ ബന്ധുക്കളുടെ അടുത്തേക്ക് ഞാൻ പോകുന്നുണ്ട്. ഇവിടുന്നു ഞാൻ പൂന്തുറയിലേക്കാണ് പോകുന്നത്. എല്ലാ വിവരവും ഞാൻ സർക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിക്കും. എല്ലാ വിധ സഹായവും എത്തും. മറൈൻ പോലീസിന്റെയും കോസ്റ്റ് ഗാർഡിന്റെയും സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യിക്കാം. സഹിച്ചും ക്ഷമിച്ചും സമാധാനമായി ഇരിക്കണം " .

പൂന്തുറയും സന്ദർശിച്ച് തീരനിവാസികളെ ആശ്വസിപ്പിച്ചാണ് വി എസ് മടങ്ങിയത്. ചില ദുരന്തമുഖങ്ങളിൽ വിങ്ങിവിറങ്ങലിച്ചു നിൽക്കുന്നവർക്ക് തങ്ങളെ കേൾക്കാൻ ഉത്തരവാദപ്പെട്ട ഒരാളെ കിട്ടുന്നതുതന്നെ വലിയ താങ്ങാവും.

ഓഫീസിൽ എത്തിയ അദ്ദേഹം സംസ്ഥാനതലത്തിൽ ഉയർന്ന ഉദ്യോഗസ്ഥരെ യെല്ലാം ഫോണിൽ ബന്ധപ്പെട്ടു. ഏറ്റവും വേഗത്തിൽ വേണ്ടതെല്ലാം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടു. അപ്പോൾതന്നെ പ്രധാനമന്ത്രിക്കു വരെ ഇ-മെയിലിൽ കത്തയച്ചു.തനിക്കാവുന്നത് ചെയ്തു എന്ന സംതൃപ്തി . മുഖ്യശ്രേണിയിൽ അല്ലാത്ത അവസരത്തിലും അത് വേണ്ടിയിരുന്നു വി എസിനു സ്വസ്ഥമായ ഉറക്കം കിട്ടാൻ .

TP Chandrasekharan Mangalapally joseph VS achudanandhan

Next TV

Related Stories
'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

Jul 21, 2025 07:26 PM

'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ...

Read More >>
 'സമാനതകളില്ലാത്ത ഇതിഹാസം, വി എസ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാൻ' -രമേശ് ചെന്നിത്തല

Jul 21, 2025 07:24 PM

'സമാനതകളില്ലാത്ത ഇതിഹാസം, വി എസ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാൻ' -രമേശ് ചെന്നിത്തല

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നുവെന്ന് രമേശ് ചെന്നിത്തല...

Read More >>
രാഷ്ട്രീയ ആദർശങ്ങൾ എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു; തീരാനഷ്ടമാണ് വി എസിന്റെ വിയോഗം - പി കെ കുഞ്ഞാലികുട്ടി

Jul 21, 2025 07:08 PM

രാഷ്ട്രീയ ആദർശങ്ങൾ എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു; തീരാനഷ്ടമാണ് വി എസിന്റെ വിയോഗം - പി കെ കുഞ്ഞാലികുട്ടി

രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് മുസ്ലിം ലീഗ്...

Read More >>
Top Stories










//Truevisionall