കൊല്ലം : ( www.truevisionnews.com ) ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കൃത്യം നിർവഹിച്ചു എന്ന് കരുതുന്ന കുട്ടിയുടെ മാതാവ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ(33) പോസ്റ്റ് മോർട്ടം റിപ്പോർട്ട് പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിതീഷ് മോഹനുമായയി കഴിഞ്ഞ ഒരു വർഷത്തോളമായി വിപഞ്ചിക മാനസികമായി അകൽച്ചയിലായിരുന്നു. അടുത്ത കാലത്തായി നിതീഷ് വേറെ സ്ഥലത്തും വിപഞ്ചികയും മകളും മറ്റൊരു ഫ്ലാറ്റിലുമായിരുന്നു കഴിഞ്ഞിരുന്നത്.
.gif)

ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ആർ മാനേജരായ യുവതിയുടെ കൂടെ രാത്രി താമസിക്കാറുള്ള വീട്ടുജോലിക്കാരി വന്ന് ഏറെ നേരം വിളിച്ചിട്ടും ഫ്ലാറ്റിന്റെ വാതിൽ തുറന്നില്ല. തുടർന്ന് അവർ വിപഞ്ചികയുടെ ഭർത്താവിനെ ഫോൺ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ കാൽമുട്ടുകൾ തറയിൽ മുട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ്, അയാളുടെ പിതാവ് മോഹനൻ, സഹോദരി നീതു എന്നിവർ തന്നെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും വിശദമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പിറ്റേന്ന് വിപഞ്ചികയുടെ ഫെയ്സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. യുവതി മരിക്കുന്നതിന് മുൻപ് സമയം ക്രമീകരിച്ച് പോസ്റ്റ് ചെയ്തതാണെന്നാണ് കരുതുന്നത്.
കൂടാതെ, തന്റെ സ്വർണാഭരണങ്ങളും ബാങ്കു രേഖകളുമെല്ലാം വിപഞ്ചിക ഗുരുവായൂർ സ്വദേശിയായ ബന്ധുവായ സ്ത്രീയെ സുഹൃത്ത് വഴി ഏൽപ്പിക്കുകയും ചെയ്തിരുന്നു. താനനുഭവിക്കുന്ന പീഡനങ്ങളെല്ലാം യുവതി അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറയാറുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മ ഷൈലജ മുഖ്യമന്ത്രി, പൊലീസ് ഉദ്യോഗസ്ഥ എന്നിവർക്കടക്കം പരാതി നൽകിയിട്ടുണ്ട്.
ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹങ്ങൾ എന്ന് നാട്ടിലേക്കു കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
malayali woman suicide sharjah daughter postmortem
