തിരുവനന്തപുരം: ( www.truevisionnews.com) കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കിട്ടിയാൽ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ സമയമാറ്റം സംബന്ധിച്ച് താൻ പറഞ്ഞത് കോടതി നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ധിക്കാരപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. കോടതി പറഞ്ഞതിനപ്പുറം ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്ന് ഡിവൈഎഫ്‌ഐ അപലപിച്ചു.
.gif)

കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്‌മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാവേലിക്കര സ്‌കൂളിൽ നൂറിലധികം അധ്യാപകരുടെ കാലുകളാണ് ഗുരുപൂജയുടെ പേരിൽ കഴുകിച്ചത്.
വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും അറിവും വളർത്തേണ്ട സ്‌കൂളുകൾ ജീർണ്ണമായ വ്യവസ്ഥിതിയിലേക്കും അടിമത്വത്തിലേക്കും നയിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ വിമോചനമൂല്യം ഇല്ലാതാക്കാനാണ്. അവർണർക്ക് അക്ഷരം നിഷേധിച്ച സവർണാധിപത്യത്തിനെതിരെ പോരാടി നേടിയ വിദ്യാഭ്യാസ അവകാശത്തെ ഒരാളുടേയും കാൽപ്പാദങ്ങളിൽ സമർപ്പിക്കരുതെന്ന മനുഷ്യാവകാശ പാഠമാണ് കുട്ടികൾ പഠിക്കേണ്ടതെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.
ഇത്തരം പരിപാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കരുതെന്നും ഈ പരിപാടി സംഘടിപ്പിച്ച മുഴുവൻ ആളുകൾക്കെതിരെയും കർശനമായ നിയമ-അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികൾ കഴുകിയത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ടാണ് കുട്ടികളെക്കാണ്ട് പൂജ ചെയ്യിപ്പിച്ചത്.
ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ വിരമിച്ച 30 അധ്യാപകരുടെ കാലിലാണ് വിദ്യാർത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിച്ചത്. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം പുറത്തുവന്നിരുന്നു. ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
'Washing feet with children is not the culture of Kerala, action will be taken if a report is received'; V Sivankutty
