Jun 29, 2025 09:45 PM

ന്യൂഡല്‍ഹി: (truevisionnews.com) ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍. ഇന്തൊനേഷ്യയിലെ ഇന്ത്യന്‍ ഡിഫന്‍സ് അറ്റാഷെയായ ഇന്ത്യന്‍ നേവി ക്യാപ്റ്റന്‍ ശിവകുമാറിന്റേതാണ് വെളിപ്പെടുത്തല്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്താനു നേരെ നടത്തിയ ആക്രമണത്തിനിടയിലാണ് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതെന്നാണ് ശിവകുമാറിന്റെ വെളിപ്പെടുത്തല്‍.

ജൂണ്‍ 10-ന് ഇന്തൊനേഷ്യയിലെ UNSURYA യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു സെമിനാറിലായിരുന്നു ശിവകുമാറിന്റെ പ്രസ്താവന. ഇതിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. 'ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന മെയ് ഏഴ് രാത്രിയില്‍ പാകിസ്താന്റെ ആക്രമണത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായി. പാകിസ്താന്റെ സൈനികതാവളങ്ങളെയോ സൈനിക ആസ്തികളെയോ ആക്രമിക്കരുത് എന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു,' ശിവകുമാര്‍ പറഞ്ഞു.

'ആ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥരായതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്ക് ആ യുദ്ധവിമാനങ്ങള്‍ നഷ്ടമായത്,' ഇന്ത്യ-പാക് യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ പവര്‍ സ്ട്രാറ്റജീസ് എന്ന വിഷയത്തില്‍ സംസാരിക്കവേ ശിവകുമാര്‍ പറഞ്ഞു. യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധതന്ത്രത്തില്‍ മാറ്റം കൊണ്ടുവരികയും മെയ് 10-ഓടെ ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ച് പാക് സൈനികകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതത് എന്നാണ് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് സൈനികതലത്തില്‍ നിന്നും പുറത്തുവന്നിട്ടുള്ള രണ്ടാമത്തെ പരാമര്‍ശമാണിത്. ഇതിനെക്കുറിച്ച് ആദ്യമായി പരാമര്‍ശം നടത്തിയത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ ആയിരുന്നു.

മെയ്മാസം സിംഗപ്പുരില്‍ നടന്ന ഷാങ്‌റി-ലാ ഡയലോഗ് സമ്മിറ്റിന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനില്‍ ചൗഹാന്റെ വെളിപ്പെടുത്തല്‍. 'പാകിസ്താനുമായുള്ള ആക്രമണത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല, മറിച്ച് അതിലേക്ക് നയിച്ച കാരണത്തിലേക്കാണ് നമ്മള്‍ നോക്കേണ്ടത്,' എന്നായിരുന്നു അനില്‍ ചൗഹാന്റെ പരാമര്‍ശം.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മെയ് എട്ടിന് നടത്തിയ പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ അവധേഷ് കുമാര്‍ ഭാരതി ഇന്ത്യയുടെ നഷ്ടങ്ങളെക്കുറിച്ച് പരോക്ഷമായി മാത്രമേ പ്രതിപാദിച്ചിരുന്നുള്ളൂ. 'നമ്മള്‍ ഇപ്പോള്‍ യുദ്ധത്തിലാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ യുദ്ധത്തിന്റെ ഭാഗമാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം, ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഇന്തൊനേഷ്യയിലെ ഇന്ത്യന്‍ എംബസി മുന്നോട്ടുവന്നു. അറ്റാഷെയുടെ സംഭാഷണത്തിലെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി പുറത്തുവന്നതെന്ന് ഇന്ത്യന്‍ എംബസി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.



Operation Sindoor Indian Embassy denies revelation

Next TV

Top Stories










//Truevisionall