കൽപ്പറ്റ: ( www.truevisionnews.com) വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു. 24 വയസ്സായിരുന്നു. ചീരൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 5 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിൽസക്ക് എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ വിഷ്ണു പനിയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയിരുന്നു. പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർചെയ്തു.
.gif)

പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിതാവ്: രാജൻ. മാതാവ്: അമ്മിണി. സഹോദരൻ: ജിഷ്ണു.
എലിപ്പനിയുടെ ലക്ഷണങ്ങൾ
രോഗം ബാധിച്ച് 4 മുതൽ 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. എലിപ്പനിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്:
ഒന്നാം ഘട്ടം (Acute Phase):
കടുത്ത പനി (പെട്ടെന്ന് വരുന്ന പനി)
തലവേദന
പേശിവേദന (പ്രത്യേകിച്ച് കാൽമുട്ടിന് താഴെയുള്ള പേശികളിൽ)
വയറുവേദന
ഛർദ്ദി, ഓക്കാനം
വിറയൽ
കണ്ണുകളിൽ ചുവപ്പ്
ഈ ഘട്ടത്തിൽ പലപ്പോഴും സാധാരണ പനി പോലെ തോന്നും, ഇത് രോഗനിർണയം ബുദ്ധിമുട്ടാക്കാം. രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപ് ഏതാനും ദിവസത്തേക്ക് രോഗലക്ഷണങ്ങൾ കുറയാം.
രണ്ടാം ഘട്ടം (Immune Phase / Severe Leptospirosis):
രോഗം മൂർച്ഛിച്ചാൽ താഴെ പറയുന്ന ഗുരുതരമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങും:
മഞ്ഞപ്പിത്തം (കണ്ണുകൾക്കും ചർമ്മത്തിനും മഞ്ഞനിറം)
മൂത്രത്തിന്റെ അളവ് കുറയുക (വൃക്ക തകരാറിന്റെ ലക്ഷണം)
ശരീരത്തിൽ രക്തസ്രാവം (ചർമ്മത്തിൽ ചുവന്ന പാടുകൾ, ചുമയ്ക്കുമ്പോൾ രക്തം വരിക)
ശ്വാസതടസ്സം (ശ്വാസകോശത്തെ ബാധിക്കുമ്പോൾ)
ഗുരുതരമായ പേശിവേദന
കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം നിലയ്ക്കുക
അപൂർവമായി മരണം വരെ സംഭവിക്കാം (പ്രധാനമായും ലക്ഷണങ്ങൾ കണ്ടുപിടിക്കാൻ വൈകുമ്പോൾ)
ചികിത്സ
എലിപ്പനി നേരത്തെ കണ്ടെത്തുകയാണെങ്കിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാം. ചികിത്സ വൈകിയാൽ വൃക്കകൾ, കരൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഒരു ഡോക്ടറെ സമീപിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
young man died of leptospirosis in Sultan Bathery Wayanad
