കൊച്ചി: ( www.truevisionnews.com) എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി. ഇന്നലെ വൈകിട്ട് ഭര്‍തൃ ഗൃഹത്തില്‍ നിന്ന് കുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. ഇന്നു പുലര്‍ച്ചെയാണ് കുഞ്ഞിന്‍റെ മൃതശരീരം കണ്ടെടുത്തത്. ഫയർഫോഴ്സും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുലർച്ചെ രണ്ടേകാലോടെ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പുത്തന്‍കുരിശ് മറ്റക്കുഴിയിലെ ഭര്‍ത്താവിന്‍റെ വീട്ടിനടുത്തുളള അംഗന്‍വാടിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മൂന്നേ കാലോടെയാണ് മകള്‍ കല്യാണിയുമായി സന്ധ്യ യാത്ര തുടങ്ങിയത്. അംഗന്‍വാടിയിലെത്തിയ സന്ധ്യയുടെ പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം തോന്നിയതേയില്ല. അംഗന്‍വാടിയില്‍ നിന്ന് തിരുവാങ്കുളത്ത് എത്തിയ സന്ധ്യ റോഡിലൂടെ വളരെ സ്നേഹത്തില്‍ കുഞ്ഞിനെയും ഒക്കത്തെടുത്ത് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തിരുവാങ്കുളത്തു നിന്ന് സന്ധ്യ കുഞ്ഞുമായി പോയത് നേരെ ആലുവയിലേക്കാണ്. അവിടെ മണപ്പുറത്ത് കുഞ്ഞിനൊപ്പം സമയം ചെലവിട്ട ശേഷമാണ് മൂഴിക്കുളത്തേക്ക് പോയത്. മൂഴിക്കുളത്ത് രാത്രി ഏഴ് അഞ്ചിന് ബസിറങ്ങുമ്പോഴും സന്ധ്യയ്ക്കൊപ്പം കുഞ്ഞിനെ കാണാം. അവിടെ നിന്ന് നടന്നു പോകുന്നു വഴിയിലാണ് പാലത്തിന്‍റെ ഏതാണ്ട് ഒത്ത നടുവില്‍ വച്ച് കുഞ്ഞിനെ സന്ധ്യ പുഴയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞത്. അതിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ സന്ധ്യ വീട്ടിലേക്കു ചെന്നു.
അംഗന്‍വാടിയില്‍ നിന്ന് കുഞ്ഞിനെ കൂട്ടാന്‍ സന്ധ്യ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഭര്‍ത്താവ് സുഭാഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് ആറര മണിയോടെ സുഭാഷ് വീട്ടിലെത്തുമ്പോള്‍ മാത്രമാണ് സന്ധ്യയും കുഞ്ഞും വീട്ടിലില്ലെന്ന് സുഭാഷ് തിരിച്ചറിഞ്ഞത്. ആ സമയത്ത് സന്ധ്യയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് സുഭാഷ് പറയുന്നു. അപ്പോള്‍ സന്ധ്യയെ ഫോണില്‍ കിട്ടിയിരുന്നെങ്കില്‍ പോലും ദുരന്തം ഒഴിവാക്കാന്‍ ഒരുപക്ഷേ കഴിഞ്ഞിരുന്നേനേ.
ഒരു വിവരവും കിട്ടാതെ വന്നതോടെ സുഭാഷാണ് പുത്തന്‍കുരിശ് പൊലീസിനെ സമീപിച്ചത്. വിവരം പെട്ടെന്ന് ചെങ്ങമനാട് പൊലീസിനെ അറിയിച്ചു. ഏഴര മണിയോടെ ചെങ്ങമനാട് പൊലീസ് സന്ധ്യയെ ചോദ്യം ചെയ്തു. ആദ്യം പരസ്പര വിരുദ്ധമായി സംസാരിച്ച സന്ധ്യ ഒടുവില്‍ രാത്രി എട്ടു മണിയോടെയാണ് കുഞ്ഞിനെ മൂഴിക്കുളം പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് സമ്മതിച്ചത്.
സംഭവ സ്ഥലത്ത് സന്ധ്യയുമായെത്തിയ പൊലീസ് കുഞ്ഞിനെ വലിച്ചെറിഞ്ഞ സ്ഥലമേതെന്ന് മനസിലാക്കി. പിന്നെ കനത്ത മഴയെയും കുറ്റാക്കൂരിരുട്ടിനെയും അവഗണിച്ച് പുലര്‍ച്ചെ രണ്ടര വരെ നീണ്ട തെരച്ചില്‍. അതിനൊടുവില്‍ നാടിനെയാകെ നൊമ്പരപ്പെടുത്തി ചാലക്കുടി പുഴയുടെ ആഴങ്ങളില്‍ നിന്ന് ആ പിഞ്ചു കുഞ്ഞിന്‍റെ മൃതശരീരം കണ്ടെടുത്തു. നാടാകെ ആ കുഞ്ഞിനെ ഓര്‍ത്ത് കരയുമ്പോഴും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയില്‍ ഒരു കൂസലുമില്ലാതെ ആ അമ്മ ഇരിക്കുന്നുണ്ടായിരുന്നു.
court remands mother two weeks case kalyani murder thiruvankulam kochi
