പാരീസ്: ( www.truevisionnews.com ) തിരോധാന കേസിൽ നടന്ന അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം. ഫ്രാൻസിലെ ബ്രാസ്ക് എന്ന വനത്തോട് ചേർന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ജോർജ്ജ് മെയ്ച്ച്‌ലർ(60) ആണ് കൊല്ലപ്പെട്ടത്. റസ്റ്റോറന്റ് ഉടമയും ഷെഫുമായ ഫിലിപ്പ് ഷ്നൈഡർ(69), പങ്കാളി നതാലി കാബുബാസി(45) എന്നിവരാണ് പിടിയിലായത്.

മോഷണ ശ്രമത്തിനിടയിൽ അയൽക്കാരനെ കൊലപ്പെടുത്തി മൃതദേഹ ഭാഗങ്ങൾ പച്ചക്കറികളോടൊപ്പം പാചകം ചെയ്തതായി പ്രതികൾ പോലീസിനോട് സമ്മതിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കേസിൽ ശിക്ഷാവിധി മെയ് 22നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നതാലിയും താനും ചേർന്ന് മെയ്ച്ച്‌ലറുടെ ഒറ്റപ്പെട്ടുകിടന്നിരുന്ന വീട്ടിൽ മോഷണം നടത്താൻ പദ്ധതിയിട്ടതായും മെയ്ച്ച്‌ലറെ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം തിരികെ വന്നപ്പോൾ മരണം സംഭവിക്കുകയായിരുന്നുവെന്നും ഫിലിപ്പ് വെളിപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കുറ്റം മറച്ചുവെക്കുന്നതിനായി മെയ്ച്ച്‌ലറുടെ മൃതദേഹം വെട്ടിമുറിച്ചെന്നും ചില ഭാഗങ്ങൾ കത്തിച്ചുകളഞ്ഞെന്നും പ്രതി മൊഴി നൽകി. മൃതദേഹ ഭാഗങ്ങൾ പച്ചക്കറികളോടൊപ്പം പാചകം ചെയ്തതായും ഷ്നൈഡർ പറഞ്ഞു. ഇത് നേപ്പാളിൽ നിന്ന് താൻ പഠിച്ച ഒരു ആചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ദുർഗന്ധം മറയ്ക്കാനാണ് ഇത് ചെയ്തതെന്നും പ്രതി അവകാശപ്പെട്ടു.
കൃത്യത്തിൽ ശ്മശാനത്തിൽ ജോലി ചെയ്യുന്ന ഒരു 25 കാരനും പങ്കുണ്ടെന്നാണ് വിവരം. മൃതദേഹം ഭാഗങ്ങൾ അസ്ഥികളിൽ നിന്ന് വേർപെടുന്നതുവരെ പാചകം ചെയ്യാനും ആരെങ്കിലും ചോദിച്ചാൽ അത് നായ്ക്കൾക്കുള്ള ഭക്ഷണം ആണെന്ന് പറയുവാനും ഷ്നൈഡർ തന്നോട് ആവശ്യപ്പെട്ടതായി ഇയാൾ മൊഴി നൽകി.
പിതാവിനെ കാണാനില്ലെന്ന മെയ്ച്ച്‌ലറുടെ മകളുടെ പരാതിയെ തുടർന്നാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. കുറച്ച് ശുദ്ധവായു ശ്വസിച്ച് നാട് കാണുന്നതിനായി ഒരു സുഹൃത്തിനോടൊപ്പം ബ്രിട്ടനിയിലേക്ക് പോകുന്നു. തിരികെ വരുമ്പോൾ കാണാം. ഒരു നല്ല ദിവസം ആശംസിക്കുന്നു. എന്നൊരു സന്ദേശം പിതാവിന്റെതായി മകൾക്ക് ലഭിച്ചു. ഇതിൽ അസ്വഭാവികത തോന്നിയ മകൾ പോലീസിൽ പരാതി നൽകി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം മെയ്ച്ച്‌ലറുടെ വാനിൽ വെച്ച് അധികൃതർ ഷ്നൈഡറെയും കാബുബാസിയെയും കണ്ടെത്തി. വാൻ തങ്ങൾക്ക് കടം തന്നതാണെന്ന് ഷ്നൈഡർ ആദ്യം അവകാശപ്പെട്ടു. എന്നാൽ, ഫോറൻസിക് സംഘം വാഹനത്തിൽ നിന്ന് രക്തവും ശരീരഭാഗങ്ങളും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും ഷ്നൈഡർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാബുബാസിക്കും ശ്മശാനം തൊഴിലാളിക്കുമെതിരെ ഗൂഢാലോചനക്ക് കേസെടുത്തിട്ടുണ്ട്.
french butcher cooks neighbor
