കാസർഗോഡ് : (truevisionnews.com) കാഞ്ഞങ്ങാട് വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ പേരിൽ വ്യാജ പണപ്പിരിവെന്ന് പരാതി. പഴയ കടപ്പുറം സ്വദേശി ആഷിക്കിന്റെ പേരിലാണ് പണം പിരിക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ബദ്രിയ നഗർ സ്വദേശികളായ ഷിയാൻ, അസീം എന്നിവർക്കെതിരെ ആഷിക്കിന്റെ മാതാവ് ഹോസ്ദുർഗ് സ്റ്റേഷനിൽ പരാതി നൽകി.

മൂന്നുമാസം മുൻപാണ് പഴയ കടപ്പുറം സ്വദേശി ആഷിക്കും, സുഹൃത്തും പടന്നക്കാട് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. റോഡരികിൽ ഇരുചക്ര വാഹനം നിർത്തി സംസാരിക്കവെ നിയന്ത്രണം വിട്ടു വന്ന ലോറിയിടിച്ചായിരുന്നു മരണം. അപകടത്തിന്റെ ദൃശ്യങ്ങളും, ആശുപത്രി രേഖകളും കാണിച്ചാണ് സ്നാപ് ചാറ്റ് വഴി വ്യാജമായി പണപ്പിരിവ് നടത്തുന്നത്. പെൺകുട്ടികൾക്കാണ് കൂടുതലായും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജുകൾ പോകുന്നതെന്നും പരാതിയുണ്ട്.
പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകൾക്ക് പിന്നിൽ ബദ്രിയ നഗർ സ്വദേശികളായ ഷിയാൻ, അസീം എന്നീ യുവാക്കൾ ആണെന്ന് ആഷിക്കിന്റെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Complaint alleging fake money collection name young man who died Kanhangad car accident.
