കോഴിക്കോട് : ( www.truevisionnews.com) അകക്കണ്ണിന്‍ വെളിച്ചത്തില്‍ വിരിഞ്ഞ കവിതകളുമായി 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയില്‍ ഒരു കൊച്ചുമിടുക്കി. ജന്മനാ കാഴ്ചയില്ലാത്ത താമരശ്ശേരി കൊട്ടാരക്കോത്ത് സ്വദേശിനി ഫൈഹയാണ് ഏഴാം വയസ്സില്‍ പുറത്തിറക്കിയ 'ബാല്യത്തിന്‍ മൊട്ടുകള്‍' കവിതാ സമാഹാരവുമായി മേളയിലെ ക്രിയേറ്റീവ് കോര്‍ണറിലെത്തിയത്.

കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈഹ. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. കവിത രചനക്ക് പുറമെ പാട്ടിലും ചെസ് ചാമ്പ്യന്‍ഷിപ്പിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനവും കരസ്ഥമാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ പാട്ടുസംഘമായ മല്‍ഹാറിലെ പാട്ടുകാരി കൂടിയാണ് ഫൈഹ. ഫൈഹയുടെ കഴിവുകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ പിന്തുണയുമായി രക്ഷിതാക്കളും അധ്യാപകരുമെല്ലാം കൂടെയുണ്ട്.
എഷ്യന്‍ ഗെയിംസില്‍ ചെസ് ചാമ്പ്യനായ പിഎസ്‌സി ജില്ലാ ഓഫീസ് ജീവനക്കാരന്‍ മുഹമ്മദ് സാലിഹാണ് പിതാവ്. മാതാവ്: സംശാദ. ഫൈഹക്ക് പുറമെ മെഹന്ദി ആര്‍ട്ടിസ്റ്റ് മൂഴിക്കല്‍ സ്വദേശി ഫാത്തിമ ശിബ്‌ലിയും ക്രിയേറ്റീവ് കോര്‍ണറില്‍ എത്തിയിരുന്നു. ജെഡിടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഫാത്തിമ ശിബ്‌ലി.
Faiha Creative Corner poems bloom light inner eye
