പാനൂർ : (truevisionnews.com) ഹൈറിച്ച് മോഡൽ നിക്ഷേപത്തട്ടിപ്പ് വീണ്ടും. മാഹി സെമിത്തേരി റോഡിൽ ശ്രീനാരായണ ബി.എഡ്. കോളേജിന് സമീപം തുറന്ന് പ്രവർത്തിച്ചിരുന്ന നെക്സ് വൈബ് ഓൺ ലൈൻ ഷോപ്പി എന്ന സ്ഥാപനം മുഖേനയാണ് സ്ത്രീകൾ ഉൾപ്പെട്ട സംഘം തട്ടിപ്പ് നടത്തിയത്.

നിക്ഷേപിക്കുന്ന സംഖ്യ 200 ദിവസത്തിനകം ഇരട്ടിപ്പിച്ച് തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പുസംഘം മാഹിക്കാരനായ പ്രവാസിയിൽ നിന്നും12 ലക്ഷം വാങ്ങി വഞ്ചിച്ചതായാണ് പരാതി. മാഹി പാറക്കലിലെ മനയിൽ വീട്ടിൽ എം. ഫസലുവാണ് പരാതിക്കാരൻ.
ഫസലു മാഹി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ യോഗശാല റോഡിൽ ബ്ലാക്ക് ടൈഗർ എന്ന സെക്യൂരിറ്റി ഏജൻസി നടത്തുന്ന ഫസലു മകന്റെ കല്യാണത്തിനായി സമ്പാദിച്ച 18 ലക്ഷം രൂപയാണ് തട്ടിപ്പു കമ്പനിയിൽ നിക്ഷേപിച്ചത്.
കൂടെ പഠിച്ച ഒരു സ്ത്രീ മുഖേനയാണ് തട്ടിപ്പുസംഘം ഫസലുവിനെ സമീപിച്ചത്. ആദ്യം ഫസലുവിന്റെ സ്ഥാപനത്തിൽ നിന്നും മാഹിയിലേക്ക് സെക്യൂരിറ്റിയെ ആവശ്യപ്പെട്ടു. ഈ രീതിയിൽ വിശ്വാസവും അടുപ്പവും നേടിയാണ് ചിട്ടി പിടിച്ചതടക്കം 18 ലക്ഷംരൂപ ഫസലുവിൽ നിന്നും വാങ്ങിയത്.
പറഞ്ഞ അവധി കഴിഞ്ഞതോടെ ഫസലു പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ നൽകാതെ ഒഴിവു കഴിവുകൾ പറഞ്ഞ് കബളിപ്പിച്ചു. ഒടുവിൽ 6 ലക്ഷം രൂപ മാത്രം തിരിച്ചു നൽകി. ബാക്കി വന്ന 12 ലക്ഷത്തിന് ആവശ്യപ്പെട്ടപ്പോൾ കൈമലർത്തുകയായിരുന്നുവെന്ന് തലശ്ശേരി പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഫസലു പറഞ്ഞു.
കൂടുതൽ പണം സമാന രീതിയിലുള്ള മറ്റൊരു സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ നേരത്തെയുള്ള 12 ലക്ഷം ഉൾപെടെ തിരിച്ചു കിട്ടും എന്നൊരു പുതിയ വാഗ്ദാനം കൂടി സംഘം നൽകിയതായും ഫസലു ആരോപിച്ചു. മാഹിയിലെ നെക്സ് വൈബ് കേന്ദ്രം ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണുള്ളത്. നാദാപുരം, ഇരിട്ടി, പേരാവൂർ, തൃശൂർ സ്ഥലങ്ങളിലെ 13 പേരാണ് തട്ടിപ്പ് സംഘാംഗങ്ങളെന്ന് ഫസലുവിന്റെ പരാതിയിൽ പറയുന്നു.
ഇവരിൽ പലരും നേരത്തെ ഹൈറിച്ച് നിക്ഷേപ തട്ടിപ്പിലിലെ കുറ്റാരോപിതരും നിലവിൽ അന്വേഷണം നേരിടുന്നവരുമാണ്. പലരിൽ നിന്നുമായി ഏതാണ്ട് 68 കോടിയോളം രൂപ സംഘം തട്ടിയെടുത്തതായി ഫസലു പറഞ്ഞു.- വിഷയത്തിൽ ഇ.ഡി.അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Investment fraud again Mahe Thalassery region
