തിരുവനന്തപുരം: ( www.truevisionnews.com ) നെടുമങ്ങാട് മാർക്കറ്റിൽ കണ്ണൂർ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് മരിച്ചത്.

കൊലപാതകത്തിന് ശേഷം പ്രതിയായ സുഹൃത്ത് നിസാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. ബാറിൽ വച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരും സുഹൃത്തുകളാണെന്ന് പൊലീസ് പറഞ്ഞു.
നെടുമങ്ങാട് മാർക്കറ്റിലെ തൊഴിലാളികളാണ് രണ്ടുപേരും. ഇരുവരും ബാറിൽ കയറി മദ്യപിച്ചതിന് ശേഷം മാർക്കറ്റിലെത്തി വഴക്ക് കൂടുകയായിരുന്നു. തുടർന്ന് ഹാഷിറിനെ സുഹൃത്ത് കത്തികൊണ്ട് നെഞ്ചിൽ കുത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു.
നെഞ്ചിലും തുടയിലും കഴുത്തിലുമാണ് ഹാഷിറിന് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
youngman stabbed death #nadumangad crime
