കോഴിക്കോട്: ( www.truevisionnews.com) വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്. ബസ് തൊഴിലാളി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്. വടകര-തലശ്ശേരി റൂട്ടിലെ സമരം വടകര താലൂക്കിലേക്ക് ആകെ വ്യാപിപ്പിക്കുകയായിരുന്നു.
വടകര തൊട്ടിൽപ്പാലം, നാദാപുരം, തലശ്ശേരി കോഴിക്കോട് , കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിൽ സമരം സാരമായി ബാധിച്ചു. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ വലഞ്ഞു. കെ.എസ്ആർടിസി ബസ്സുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അക്രമസംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.
.gif)

അതേസമയം, ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്ന ബസ്സുകളും കോഴിക്കോട് - തലശ്ശേരി റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അതേ സമയം കുറ്റ്യാടി - കോഴിക്കോട് ബസ്സുകൾ ഓടുന്നതായിരിക്കും. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരത്തിന് ഇറങ്ങിയത് . എന്നാൽ തൊഴിലാളി സംഘടനാ നേതാക്കളൊന്നും തന്നെ ആധികാരിക പ്രതികരണം ഇക്കാര്യത്തിൽ നടത്തിയിട്ടില്ല.
ബസ് തൊഴിലാളികളുടെ സംഘടനാ ഭാരവാഹികളുമായി ഇന്നലെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ മഹേഷ് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബസ് സമരവുമായി മുന്നോട്ട് പോകാൻ ഒരു വിഭാഗം ജീവനക്കാർ തീരുമാനിച്ചത്. മർദ്ദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും, 2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
മൂന്ന് ദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടുമെന്നും ബസ് സമരത്തിൽ നിന്നും പിന്മാറണമെന്നും സിഐ കഴിഞ്ഞ ദിവസം പറഞ്ഞത് ചില യൂണിയൻ നേതാക്കൾ അംഗീകരിച്ചെങ്കിലും, മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടും വരെ സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു. അതിനിടെ തൊട്ടിൽപ്പാലം - വടകര റൂട്ടിലും ഇന്ന് മുതൽ ബസ് സമരം ആരംഭിച്ചിട്ടുണ്ട്.
Bus employees go on strike in Vadakara
