റായ്പുർ: (truevisionnews.com) ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾ ആറാം ദിവസവും ജയിലിൽ തുടരുകയാണ്. ഇവർ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. രാജ്‌കുമാർ തിവാരി, എല്ലാ നിയമപോരാട്ടങ്ങൾക്കും തയ്യാറാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാൻ സാധിക്കില്ലെന്നിരിക്കെ കീഴ്ക്കോടതി എങ്ങനെ കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു എന്ന ചോദ്യം അദ്ദേഹം ഉയർത്തി. ഈ റിമാൻഡ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌കുമാർ തിവാരി കോടതിയെ സമീപിച്ചിട്ടുണ്ട്.
.gif)

നേരത്തെ, സെഷൻസ് കോടതിയിൽ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും, കേസ് പരിഗണിക്കേണ്ടത് സെഷൻസ് കോടതിയിലല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എൻഐഎ നിയമമനുസരിച്ച് മനുഷ്യക്കടത്ത് കേസുകൾ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി, കന്യാസ്ത്രീകളോട് എൻഐഎ കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകർ നിയമോപദേശം തേടിയത്.
Nuns arrested in Chhattisgarh move High Court for bail
