കണ്ണൂർ : ( www.truevisionnews.com ) പാനൂർ പൊയിലൂരിൽ വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 38.25 പവൻ സ്വർണാഭരണം മോഷണം പോയതായി പരാതി. വടക്കെ പൊയിലൂർ പാറയുള്ള പറമ്പിലെ പഞ്ചവടി വീട്ടിൽ ഒ.കെ. രാമകൃഷ്ണൻ്റെ വീട്ടിലാണ് സംഭവം.
രാമകൃഷ്ണൻ്റെ ഭാര്യ പൊയിലൂർ ഈസ്റ്റ് എൽപി സ്കൂൾ റിട്ട. അധ്യാപിക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു ആഭരണം. മോഷണം നടന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ജൂൺ 13-നും ജൂലായ് 17-നും ഇടയിൽ മോഷണം പോയെന്നാണ് അനുമാനം. കൊളവല്ലൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
.gif)

രാമകൃഷ്ണൻ്റെ മുത്തമകൻ അർജുൻ്റെ കെ.എസ്.എഫ്.ഇയിലെ പ്രവാസിചിട്ടിക്ക് ജാമ്യം നൽകാനായി 12 പവൻ സ്വർണം ജൂൺ 13-ന് ബാങ്കിൽനിന്നെടുത്ത് രാമകൃഷ്ണൻ ഭാര്യയെ ഏല്പിച്ചിരുന്നു. മെയ് മാസത്തിൽ ബാങ്കിൽനിന്നെടുത്ത 14 പവൻ സ്വർണവും മറ്റു സ്വർണാഭരണങ്ങളും വീട്ടിൻ്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ജുലായ് 17-ന് വിദേശത്തുള്ള മകൻ വിളിച്ച് കെഎസ്എഫ്ഇ ശാഖയിൽ കൊണ്ടുപോയി നൽകാനായി ആവശ്യപ്പെട്ടു. തുടർന്ന് വൈകിട്ട് 3.30-ഓടെ അലമാര തുറക്കാൻ പോയപ്പോൾ അലമാരക്കടുത്ത് ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്തരീതിയിൽ സൂക്ഷിച്ച താക്കോൽ സ്ഥാനം മാറിവെച്ചതായി കണ്ടു. തുടർന്നുള്ള പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
പത്തോളം പവൻ സ്വർണാഭരണം പെട്ടിയിൽത്തന്നെയുണ്ടായിരുന്നു. വീട്ടിൽ അഞ്ച് നിരീക്ഷണക്യാമറകളുണ്ട്. വിവരമറിയിച്ചതിനെത്തുടർന്ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ രാമകൃഷ്ണൻ്റെ ഇളയ മകൻ അനിരുദ്ധൻ ക്യാമറ പരിശോധിച്ച് വരികയാണ്. കൂത്ത്പറമ്പ് എസിപി കെ.വി പ്രമോദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Complaint filed regarding theft of 38.25 paise gold stored in a cupboard at a house in Kannur
