കാലത്തിന്റെ ശൗര്യവും ശരിയും; ഒരു ജനതയ്‌ക്കൊപ്പം എന്നും 'വി എസ്'

കാലത്തിന്റെ ശൗര്യവും ശരിയും; ഒരു ജനതയ്‌ക്കൊപ്പം എന്നും 'വി എസ്'
Jul 21, 2025 04:17 PM | By Athira V

( www.truevisionnews.com ) തൊണ്ടുതല്ലി നടു വളഞ്ഞുപോയ കയര്‍ തൊഴിലാളികള്‍ക്ക് നട്ടെല്ല് നിവര്‍ത്തിനില്‍ക്കാന്‍ കമ്മ്യൂണിസമെന്ന മഹാ ആശയം പറഞ്ഞു വി എസ്.. തങ്ങളിലൊരാള്‍ അതി ഭാവുകത്വങ്ങളില്ലാതെ പറഞ്ഞ ജീവിതത്തിന്‍റെ ഗന്ധമുള്ള വാക്കുകളൊക്കെയും അവരുടെ ചോരയില്‍ ചൂടേറ്റി. വാക്കുകളില്‍ ഒതുങ്ങുന്നതല്ല സഖാവ് വി എസിന്‍റെ ജീവിതം.

പോരാട്ടങ്ങളുടെ രണ്ടക്ഷരമുള്ള പര്യായം. പുന്നപ്രയില്‍ പോരാളികളുടെ രക്തം ഊര്‍ന്നിറങ്ങിയ മണ്ണിലേക്ക് ആഴത്തില്‍ വേരിറങ്ങിയൊരു വന്മരം. ആ വന്മരത്തിന്റെ ചില്ലകളിലൊക്കെയും പൂത്തത് സമരത്തിന്റെ, പോരാട്ടത്തിന്റെ ചുവന്ന പൂക്കളായിരുന്നു. ആ മരം ശ്വസിച്ചതും നിശ്വസിച്ചതും വീര്യമൊട്ടും ചോരാത്ത കമ്മ്യുണിസമായിരുന്നു.

നാടുവാഴിക്കാലത്ത് നട്ടെല്ലുയർത്തി നിന്ന് മുഷ്ടിചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങിയ ചങ്കൂറ്റം. ആ ഊറ്റംകൊണ്ട വരവിന് പിന്നിൽ അണിനിരന്ന മനുഷ്യർ ആവേശത്താലാമോദത്താൽ ആർത്തലച്ചു. മനുഷ്യര്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന വീഴ്ചകള്‍.... പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായ നേതാവൊന്നുമല്ല വി എസ്. പക്ഷെ അദ്ദേഹത്തിന്റെ പരാജയങ്ങള്‍ ഒരു ജനതയുടെ മൊത്തം പരാജയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ തോല്‍പ്പിക്കപ്പെട്ട സ്വപ്നങ്ങള്‍ ഒരു ജനതയുടെ മൊത്തം തോല്‍പ്പിക്കപ്പെട്ട സ്വപ്നങ്ങളായിരുന്നു. കേഡര്‍ പാര്‍ട്ടിയുടെ അച്ചടക്കങ്ങളുടെ ദീര്‍ഘകാലത്തെ സംരക്ഷകന്‍ പിന്നീട് അച്ചടക്കങ്ങളെ ലംഘിക്കുന്ന മറ്റൊരു രാഷ്ട്രീയ ഭൂമിക തുറക്കുന്നത് നാം കണ്ടു.

സംഘടനാ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കുകയും അതിനു പുറത്തെ മനുഷ്യര്‍ക്ക് പലപ്പോഴും അപ്രാപ്യനായിരിക്കുകയും ചെയ്തിരുന്ന ഇടതുപക്ഷ നേതാവ് കോട്ടകള്‍ ധീരമായി ഭേദിച്ച് പുറത്തിറങ്ങി ഏറ്റവും ആഴത്തില്‍ വേരുകളുള്ള ജനനേതാവായി മാറുന്നതും നമ്മള്‍ കണ്ടു. വര്‍ത്തമാന പത്രങ്ങള്‍ മുരടനും വില്ലനുമാക്കി അവതരിപ്പിച്ചിരുന്ന ഒരു മനുഷ്യന്‍ ടെലിവിഷന്‍ യുഗത്തില്‍ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായി മാറുന്നതും കേരളം കണ്ടു. നീട്ടിയും കുറുക്കിയുമുള്ള ആ സംസാരം അരോചകമാണ് എന്ന് പറഞ്ഞവര്‍ പിന്നീട് അത് അമൃതായി സ്വീകരണമുറികളില്‍ ഇരുന്നു ടി വിയില്‍ തുടര്‍ച്ചയായി കേട്ടു.

കാലത്തിന്റെ ശൗര്യവും ശരിയുമായിരുന്നു ഏത് ഋതുവിലും ആ മരത്തില്‍ തളിരിട്ടിരുന്നത്. നൂറാണ്ടുകളുടെ രാഷ്ട്രീയ ഋതുഭേദങ്ങളില്‍ ആടാതെ ഉലയാതെ തണലായും ഊന്നായും ഒരു ജനതയ്‌ക്കൊപ്പം നടന്ന ആ വന്മരത്തെ അടയാളപ്പെടുത്താന്‍ കാലത്തിന് രണ്ടക്ഷരങ്ങള്‍ ധാരാളമാണ്. പോരാട്ടം കൂടെപ്പിറപ്പായിരുന്നു വി എസിന്.

ജീവിതമാണ് വി എസിനെ പോരാളിയും വിപ്ലവകാരിയുമാക്കിയത്. അച്ഛനും അമ്മയും മരണത്തിന് കീഴടങ്ങുന്നത് നോക്കി നിന്ന് കണ്ണീര്‍ വാര്‍ക്കേണ്ടി വന്ന കുട്ടിക്കാലം. പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പ്രാഥമിക വിദ്യാഭ്യാസം. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യല്‍ക്കടയിലെ ജോലി, പിന്നീട് കയര്‍ തൊഴിലാളി. ചരിത്രത്തില്‍ സഖാവിന്‍റെ ചിത്രം വരയ്ക്കുമ്പോള്‍ എവിടെയുമില്ല സുഖലോലുപതയുടെ നിറമുള്ളൊരു വര പോലും. പക്ഷെ കാലത്തിന്‍റെ പോരാളിയാകാന്‍ നിയോഗവുമായി പിറന്ന വി എസിന് അതെല്ലാം ഊര്‍ജ്ജമാവുകയായിരുന്നു.

മര്‍ദ്ദന മുറകള്‍ക്ക് തകര്‍ക്കാന്‍ പോയിട്ട് തൊടാനായില്ല ആ പോരാളിയെ. ജയിലറയുടെ കമ്പികള്‍ക്കിടയിലൂടെ കാല്‍പാദം തുളച്ച തോക്കുകള്‍ ആ പോരാളിക്ക് മുന്നില്‍ തോറ്റുമുനയൊടിഞ്ഞു. കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നില്‍ തലകുനിക്കാത്ത യുവത്വം മാത്രമല്ല വി എസ്… തലനരച്ചുപോകാത്ത വിപ്ലവസൂര്യന്‍ കൂടിയാണത്.

വി എസ് അദ്ദേഹം നടന്ന വഴിയായിരുന്നു. ചുറ്റുമുള്ള മനുഷ്യരും അവരുടെ ജീവിത സാഹചര്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങള്‍. മണ്ണിന്റെയും കാടിന്റെയും പുഴകളുടെയും ആവാസവ്യവസ്ഥകളുടെയും രാഷ്ട്രീയം മനുഷ്യരുടെ രാഷ്ട്രീയത്തിന് പുറത്ത് വേറിട്ട് മാറ്റിവയ്ക്കേണ്ട ഒന്നല്ലെന്ന് അദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി. ജീവിത സായാഹ്നത്തിലും അദ്ദേഹം ഹരിത രാഷ്ട്രീയം പറഞ്ഞു. സാങ്കേതിക വിദ്യയുടെയും ഐടിയുടെയും മേഖലകളിലെ കുത്തകവത്കരണങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ധീരമായ ശബ്ദങ്ങളില്‍ ഒന്നായി. ജനപക്ഷ രാഷ്ട്രീയം നിലപാടുകളുടെയും പ്രത്യയശാസ്ത്ര ദൃഢതകളുടെയും അടിത്തറയില്‍ ശക്തിപ്പെടുത്തേണ്ട ഒന്നാണെന്ന് പഠിപ്പിച്ചു.

പകരം വയ്ക്കാനില്ലാത്ത, സമാനതകളില്ലാത്ത നേതാവാണ് വി എസ് . മനുഷ്യ സാധ്യതകളുടെ ഒരു അപാരതയാണ് അദ്ദേഹത്തിന്റെ ജീവിതം. കാലവും ചരിത്രവും ആ പേര് എന്നും ഉച്ചരിച്ചുകൊണ്ടേയിരിക്കും.


bravery and truth times VSAchuthanandan

Next TV

Related Stories
'സഖാവ് വി എസ്'; ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമം -മന്ത്രി മുഹമ്മദ് റിയാസ്

Jul 21, 2025 09:16 PM

'സഖാവ് വി എസ്'; ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമം -മന്ത്രി മുഹമ്മദ് റിയാസ്

വി എസ് ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമെന്ന് മന്ത്രി മുഹമ്മദ്...

Read More >>
'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

Jul 21, 2025 07:26 PM

'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ...

Read More >>
Top Stories










//Truevisionall