വിപ്ലവ സൂര്യൻ അസ്തമിച്ചു, 'സമരയൗവ്വനം' വി എസ് അച്യുതാനന്ദൻ വിടവാങ്ങി

 വിപ്ലവ സൂര്യൻ അസ്തമിച്ചു, 'സമരയൗവ്വനം' വി എസ് അച്യുതാനന്ദൻ വിടവാങ്ങി
Jul 21, 2025 04:12 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com)  ഇടതുപക്ഷ കേരളത്തിന്റെ സമരസൂര്യൻ വി.എസ് അച്യുതാനന്ദൻ വിടവാങ്ങി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ സമരകലുഷിതമായ വഴിത്താരകളിലെ താഴാത്ത കൊടി. വി.എസ് എന്ന രണ്ടക്ഷരത്തിനൊപ്പം മലയാളി ചേർത്തുവെച്ചിരിക്കുന്നത് അണഞ്ഞുപോകാത്ത വിപ്ലവത്തിന്റെ തീയോർമകളെയാണ്.

കണ്ണേ കരളേ വി.എസേ' എന്നാർത്തലച്ച മുദ്രാവാക്യത്തിന്റെ കരുത്തിൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ കാർക്കശ്യ മതിലുകളെ പൊളിച്ചുവീഴ്ത്തിയ നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ . ഒരു നൂറ്റാണ്ട് പിന്നിട്ട ജീവിതം കേരളത്തിന്റെ വളർച്ചാവഴികളോട് ചേർന്നുകിടക്കുന്ന സമരഭരിതവും സാർഥകവുമായ വിപ്ലവവീര്യം നിറഞ്ഞ, ചെങ്കൊടിച്ചുവപ്പുള്ള രാഷ്ട്രീയക്കാരന്റേതാണ്.


പാർട്ടിക്ക് പിഴച്ചുപോയെന്ന് തോന്നിയപ്പോഴെല്ലാം, ഇതല്ല തന്റെ പ്രസ്ഥാനമെന്ന് പറയാതെ പറഞ്ഞയാളാണ് വി.എസ്. അഴിമതിക്കാർക്കും സ്ത്രീവിരുദ്ധർക്കും സാമൂഹികദ്രോഹികൾക്കും മുൻപിൽ പാർട്ടി ഭേദമന്യേ ഒരു തലവേദനയായി എന്നും അദ്ദേഹമുണ്ടായിരുന്നു. ടി.പി ചന്ദ്രശേഖരന്റെ പ്രിയപത്‌നിയെ കണ്ട് നെഞ്ചുപൊട്ടി നിൽക്കുന്ന വി.എസിനെ കേരളമോർക്കുന്നത് മാപ്പിരക്കുന്ന മാർക്‌സിസ്റ്റിന്റെ രൂപത്തിലാണ്. സകലസ്ത്രീപീഡകരെയും കൈയാമവുമായി തെരുവിലൂടെ നടത്തിക്കുമെന്ന് വിളിച്ചുപറഞ്ഞ വി.എസിൽ സ്ത്രീസമൂഹം വിമോചനത്തിന്റെ ശബ്ദം കേട്ടു.

മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കനലുപൊള്ളുന്ന ചരിത്രസ്ഥലികളിലേക്ക് നീണ്ടുകിടക്കുന്നു ആ പേര്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര പഞ്ചായത്തിൽ വെന്തലത്തറ ശങ്കരൻ അച്യുതാനന്ദനായി 1923 ഒക്ടോബർ 20 ന് ജനിച്ച്, വേലിക്കകത്ത് അച്യുതാനന്ദനായി വളർന്ന്, പിന്നീട് വി.എസ് അച്യുതാനന്ദനായി മാറുകയും, ഒടുവിൽ വി.എസ് എന്ന രണ്ടക്ഷരത്തിൻ്റെ മാന്ത്രികതയിൽ മലയാളികളുടെയാകെ ഹൃദയത്തിൽ കുടിയേറി ചിരപ്രതിഷ്ഠ നേടുകയും ചെയ്ത ചരിത്രമാണ് അദ്ദേഹത്തിൻ്റേത്.

ആ ചരിത്ര മുന്നേറ്റത്തിൻ്റെ അനിതരസാധാരണത്വം ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. സമരധന്യമായ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൻ്റെ കനലും കണ്ണീരും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ഈ പ്രായത്തിലെത്തിയ മറ്റൊരു നേതാവ് രാജ്യത്തുണ്ടോയെന്ന് സംശയമാണ്. ഏതായാലും കേരളത്തിൻ്റെ പൊതുജീവിതത്തിൽ ഇത് അസാധാരണം തന്നെ.

ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി പുന്നപ്ര പറവൂർ ജംഗ്ഷനിലെ ജ്യേഷ്ഠൻ ഗംഗാധരൻ്റെ തയ്യൽക്കടയിലെ സഹായിയായി കൂടി. സമീപമുള്ള കയർഫാക്ടറി തൊഴിലാളികളുടെ സന്ദർശന കേന്ദ്രമായിരുന്നു ഈ തയ്യൽക്കട. അവിടെ വരുന്ന തൊഴിലാളികൾ കയർത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും നാട്ടിലെ സംഭവവികാസങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നതിൽ ബാലനായ അച്യുതാനന്ദൻ്റെ കണ്ണും കാതും ഉടക്കി. ഇതാണ് അദ്ദേഹത്തെ ആസ്പിൻവാൾ കയർ ഫാക്ടറി തൊഴിലാളിയിയായി എത്തിച്ചത്.



ആസ്പിൻവാളിലെ ജോലിക്കിടയിൽ പി. കൃഷ്ണപിള്ള അവിടെ എത്തിയതും പി.കൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ചകളും യൗവ്വനത്തിലേക്ക് പദമൂന്നിക്കൊണ്ടിരുന്ന അച്ചുതാനന്ദൻ്റെ ജീവിതത്തെയാകെ മാറ്റി മറിച്ചു. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം നാൽപ്പതുകളുടെ ആദ്യം കുട്ടനാട്ടിലേക്ക് പോയ അദ്ദേഹം കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

കുട്ടനാടൻ പാടവരമ്പുകളിലും ചതുപ്പുകളിലും നീന്തിയും തുടിച്ചും നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1943 ആയപ്പോൾ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ സ്ഥാപിക്കപ്പെട്ടു. കർഷക തൊഴിലാളി ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഇത്. സംഘടന പിന്നീട് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനായും അഖിലേന്ത്യാകർഷക തൊഴിലാളി യൂണിയനായും വളർന്നു.

പിന്നീട് ചെത്തുതൊഴിലാളി യൂണിയൻ, മത്സ്യ തൊഴിലാളി യൂണിയൻ, കയർ ഫാക്ടറി തൊഴിലാളി യൂണിയൻ എന്നിവയുടെയെല്ലാം സംഘാടകനും പ്രക്ഷോഭകനുമായി മാറി. കയർ ഫാക്ടറി തൊഴിലാളി സമരം ഒടുവിൽ പുന്നപ്ര വയലാർ സമരമായി ഇതിഹാസം രചിച്ചു. ഈ സമരത്തെത്തുതുടർന്ന് പൂഞ്ഞാറിൽ ഒളിവിലിരിക്കുമ്പോഴാണ് പൊലീസ് പിടിയിലാകുന്നതും കാൽ വെള്ളയിൽ ബയണറ്റ് കുത്തിയിറക്കിയുള്ള പൊലീസ് മർദ്ദനത്തിനിരയാകുന്നതും.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വീനര്‍ എന്നിങ്ങനെ നിരവധി പദവികളാണ് ഇടതുരാഷ്ട്രീയത്തില്‍ വിഎസ് വഹിച്ചത്. നാല് വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിനെ വിശ്രമജീവിതം നയിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. 1967 മുതൽ വിവിധ ഘട്ടങ്ങളിലായി ഏഴു തവണ എംഎൽഎ, മൂന്നു തവണ പ്രതിപക്ഷ നേതാവ്. അഞ്ചുവർഷം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ എന്നീ പദവികളും വഹിച്ചു. 2006ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി.

തൊഴിലാളി വർഗ രാഷ്ട്രീയപ്രസ്ഥാനത്തിൻ്റെ ഏറ്റവും മുതി‍ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യൽ തൊഴിലാളിയിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിൻ്റെ സമരപോരാട്ടങ്ങളുടെ കൂടി ചരിത്രമാണ്.

രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി.

കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാർട്ട് സിറ്റി കരാർ പരിഷ്കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.

ഓട്ടം ഒഫ് ദ പേട്രിയാര്‍ക്ക് ( കുലപതിയുടെ ശിശിരകാലം ) എന്ന പേരില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസിന്റെ ഒരു രചനയുണ്ട്. മരങ്ങള്‍ക്കെന്നപോലെ മനുഷ്യര്‍ക്കും ഇലകൊഴിയും കാലമുണ്ട്. മരങ്ങള്‍ക്ക് തുടര്‍ച്ചയുണ്ട്. ഒരു മരവും അങ്ങിനെയങ്ങ് വംശനാശത്തിനിരയാവാറില്ല. സി.പി.എം. എന്ന പാര്‍ട്ടിയില്‍ പക്ഷേ, വി.എസിന് തുടര്‍ച്ചയുണ്ടോ എന്നത് ഈ ഘട്ടത്തില്‍ അനിവാര്യമായും ചോദിക്കപ്പെടേണ്ട ചോദ്യമാണ്. വി.എസ്. ആരാണെന്നും എന്താണെന്നും കണ്ടെത്തുന്നതിലൂടെ മാത്രമേ ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് നമുക്ക് എത്താനാവുകയുള്ളു.

പരാജയങ്ങള്‍ ഭക്ഷിച്ച മനുഷ്യന്‍ എന്നാണ് എം.എന്‍. വിജയന്‍ വി.എസിനെക്കുറിച്ച് പറഞ്ഞത്. നാലാമത്തെ വയസ്സിലാണ് വി.എസിന് അമ്മയെ നഷ്ടപ്പെട്ടത്. വസൂരി പിടിച്ചായിരുന്നു അമ്മയുടെ മരണം. അന്ന് വസൂരിക്ക് ചികിത്സയില്ല. വസൂരിബാധിതരെ തനിച്ച് ഒരു കുടിലിലേക്ക് മാറ്റും. അവിടെ അവര്‍ മരണം കാത്ത് കിടക്കും. ഒരു തോടിനപ്പുറത്തുള്ള കുടിലില്‍ തനിച്ചു കഴിയുന്ന അമ്മ ജനലയുടെ പഴുതിലൂടെ ഇങ്ങേക്കരയില്‍ നില്‍ക്കുന്ന തന്നെ ഉറ്റുനോക്കാറുണ്ടായിരുന്നതിനെക്കുറിച്ച് വി.എസ്. എഴുതിയത് ഓര്‍ക്കുന്നു.

വി.എസിനെ എക്കാലത്തും പിന്തുടരുന്ന ഓര്‍മ്മയാണത്. പിതാവും മരിച്ചതോടെ പതിനൊന്നാമത്തെ വയസ്സില്‍ വി.എസിന് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീടങ്ങോട്ട് ജീവിതം തന്നെയായിരുന്നു വി.എസിന്റെ സ്‌കൂളും സര്‍വ്വകലാശാലയും. വിജയങ്ങളേക്കാളുപരി പരാജയങ്ങളാണ് വി.എസിനെ നിര്‍വച്ചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നതെന്ന് പറയേണ്ടിവരും.

ഒരു മനുഷ്യനും പരിപൂര്‍ണ്ണത അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ വി.എസിനെ ദൈവതുല്ല്യനാക്കുന്നത് പൊറുക്കാനാവാത്ത അപരാധമായിരിക്കും. ദൗര്‍ബല്യങ്ങളില്ലെന്നതല്ല ഈ ദൗര്‍ബല്യങ്ങള്‍ മറികടക്കുന്ന മൂല്യബോധമുണ്ടെന്നതാണ് വി.എസിനെ സമകാലിക കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ നേതാവാക്കുന്നത്. ഒരു കുംഭകോണത്തിന്റെയും കരിനിഴല്‍ വി.എസിന് മേലില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി 12 വര്‍ഷം, പ്രതിപക്ഷ നേതാവായി 14 വര്‍ഷം, മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം - അധികാരവുമായി ഇത്രയും കാലം അടത്തിടപഴകേണ്ടി വന്നിട്ടും അതിന്റെ കറകള്‍ കൊണ്ട് മുഷിയുകയോ ചുളിയുകയോ ചെയ്തില്ലെന്നതു തന്നെയാണ് വി.എസിനുള്ള ഏറ്റവും വലിയ സാക്ഷ്യപത്രം.

2012 മേയ് നാലിന് വടകരയില്‍ ടി.പി. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടപ്പോള്‍ വി.എസ്. ചോദിച്ചു: '' എങ്ങിനെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വെട്ടി കഷണങ്ങളാക്കാനാവുക? മനുഷ്യനാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? '' പാര്‍ട്ടിയുടെ പതാകയല്ല മാനവികതയുടെ പതാകയാണ് വി.എസ്. ഉയര്‍ത്തിയിരുന്നത്. കേരളീയരുടെ മനസ്സും ഭാവനയും ഇതുപോലെ പിടിച്ചെടുത്ത മറ്റൊരു നേതാവ് സമീപകാലത്തുണ്ടായിട്ടില്ല. ആ അര്‍ഥത്തില്‍ വി.എസ്. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റാണ്. സാര്‍വ്വലൗകികതയുടെ കൊടി ഉയര്‍ത്തുന്ന കമ്മ്യൂണിസ്റ്റ്.



Former Chief Minister and senior CPM leader VS Achuthanandan passes away

Next TV

Related Stories
'സഖാവ് വി എസ്'; ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമം -മന്ത്രി മുഹമ്മദ് റിയാസ്

Jul 21, 2025 09:16 PM

'സഖാവ് വി എസ്'; ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമം -മന്ത്രി മുഹമ്മദ് റിയാസ്

വി എസ് ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമെന്ന് മന്ത്രി മുഹമ്മദ്...

Read More >>
'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

Jul 21, 2025 07:26 PM

'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ...

Read More >>
Top Stories










//Truevisionall