മലപ്പുറം: ( www.truevisionnews.com ) സ്വകാര്യാശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റ് ആത്മഹത്യ ചെയ്തത് ആശുപത്രിയിലെ ജനറൽ മാനേജറുടെ മാനസിക പീഡനം മൂലമാണെന്ന് ആരോപണം. ഇയാളെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു. കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രിയിൽ നഴ്സിങ് അസിസ്റ്റൻറായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം അടിവാട് സ്വദേശിനി അമീനയാണ് (20) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.
രണ്ടര വർഷമായി ആശുപത്രിയിൽ ജോലി ചെയ്യുന്ന അമീന അമിതമായി ഗുളിക കഴിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നായിട്ടും ജോലിക്ക് വരാതെയിരുന്ന അമീനയെ സഹപ്രവർത്തകർ അന്വേഷിച്ച് പോയപ്പോഴാണ് ആശുപത്രിക്ക് മുകളിൽ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലും, കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
.gif)

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഈ മാസം 15ന് ആശുപത്രിയിൽ നിന്ന് പോകാനൊരുങ്ങിയ അമീനക്ക് പരിചയ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന ജനറൽ മാനേജർ പറഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു. ആശുപത്രിയിലെ ജീവനക്കാരെ മാനേജർ മാനസികമായി പീഡിപ്പിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്.
ദൈനംദിന പ്രവർത്തനങ്ങൾ മാനേജറാണ് കൈകാര്യം ചെയ്യുന്നതെന്നും മുമ്പ് ഇത്തരം പരാതികൾ ലഭിച്ചിട്ടില്ലെന്നും ആശുപത്രി മാനേജ്മെൻറ് പറയുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അമീനയുടെ മൃതദേഹം സ്വദേശത്ത് കൊണ്ടുപോയി ഖബറടക്കി.
Nursing assistant commits suicide in Kuttippuram; Complaint alleges mental harassment by hospital general manager
