ദില്ലി: ( www.truevisionnews.com) അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് എയർ ഇന്ത്യയും ബോയിങ് കമ്പനിയും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് എയർ ഇന്ത്യ പറഞ്ഞു. തുടർന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ, ബോയിങ് കമ്പനികൾ അറിയിച്ചു.
"ദുരന്തത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എയർ ഇന്ത്യ. ഈ ദുഷ്കരമായ സമയത്ത് അവർക്ക് എല്ലാ പിന്തുണയും നൽകാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കും. അന്വേഷണം തുടരുന്നതിനാൽ ഇപ്പോൾ ലഭിച്ച വിവരങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല"- എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്ന് ബോയിങ് കമ്പനി പ്രസിഡന്റും സിഇഒയുമായ കെല്ലി ഓർട്ടെർഗ് പ്രതികരിച്ചു.
.gif)

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ദുരൂഹത തുടരുകയാണ്. പറന്നുയർന്ന് സെക്കന്‍റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതും 'താൻ ചെയ്തിട്ടില്ലെന്ന്' മറുപടി പറയുന്നതും വോയ്‌സ് റെക്കോർഡിൽ ഉണ്ട്.
Air India and Boeing respond to Ahmedabad plane crash
