കഴക്കൂട്ടം: പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ മാനസികപീഡനം ആരോപിച്ച് കുടുംബം. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍, കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്‌സിനെയാണ് (48) വെള്ളിയാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്സണ്‍ അലക്‌സ്, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പത്തുമണിയോടെ തിരിച്ചെത്തി. ഭാര്യ ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരുന്നു.
.gif)

ഒരു മണിക്കൂറിനു ശേഷം ജെയ്സണിന്റെ മൂന്നു സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തി. ഓഫീസില്‍ കാണാത്തതിനാലും വിളിച്ചിട്ടു മറുപടിയില്ലാത്തതുകൊണ്ടുമാണ് തിരക്കിയെത്തിയതെന്നാണ് ഇവര്‍ അയല്‍ക്കാരോടു പറഞ്ഞത്. പ്രധാന വാതില്‍ പൂട്ടിയിരുന്നില്ല. തുടര്‍ന്നുള്ള പരിശോധനയിലാണ് വീടിന്റെ ഹാളില്‍ ജെയ്സണെ തൂങ്ങിയ നിലയില്‍ കണ്ടത്.
കുണ്ടറ സ്വദേശിയായ ജയ്‌സണ്‍, രണ്ടു വര്‍ഷം മുന്‍പാണ് പുല്ലാന്നിവിളയില്‍ വീടുവെച്ച് താമസമായത്. പുതുക്കുറിച്ചി ഔവര്‍ ലേഡി ഓഫ് മെഴ്സി സ്‌കൂളിലെ അധ്യാപികയായ പ്രീജയാണ് ജെയ്സന്റെ ഭാര്യ. മക്കള്‍: ആമി ജെയ്സണ്‍, ആന്‍സി ജെയ്സണ്‍. കഴക്കൂട്ടം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ആത്മഹത്യാക്കുറിപ്പ് ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ കൗണ്‍സിലര്‍മാരെപ്പോലും വീടിന്റെ പരിസരത്തുനിന്ന് പോലീസ് മാറ്റിനിര്‍ത്തിയെന്ന് ആരോപണമുണ്ട്.
Circle Inspector death family alleges mental harassment by superiors kazhakkoottam
