Jul 8, 2025 07:25 PM

തിരുവനന്തപുരം: ( www.truevisionnews.com ) ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ജോലിക്ക് ഹാജരായില്ലെങ്കില്‍ അന്നത്തെ വേതനം ലഭിക്കില്ല. സാധാരണപോലെ എല്ലാ സര്‍വീസുകളും നടത്തണമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു. കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും നടത്തുമെന്ന് നേരത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും പറഞ്ഞിരുന്നു. എന്നാല്‍, യൂണിയനുകള്‍ ഇത് തള്ളിയിരുന്നു. പിന്നാലെയാണ് നിര്‍ദ്ദേശം ഉത്തരവായി ഇറങ്ങിയത്.

കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ വാദം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് പറഞ്ഞ ടി.പി.രാമകൃഷ്ണന്‍ നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും അറിയിച്ചു. സ്വകാര്യ ബസ് സര്‍വീസുകളും നാളെ നടത്തില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞിരുന്നു.

ഒന്നാം തീയതിക്ക് മുമ്പായി ശമ്പളം കിട്ടുന്നതുകൊണ്ട് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് സമരംചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ നിലപാട്. പതിവ് പോലെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും മന്ത്രി പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് സിഐടിയു നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം.


KSRTC announces non-working hours ahead of all-India strike

Next TV

Top Stories










//Truevisionall