Jul 8, 2025 06:20 PM

കൊച്ചി: ( www.truevisionnews.com ) ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു തടസമായി നിന്ന 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്റ്റിസ് എസ്.ഈശ്വരൻ ഉത്തരവിൽ വ്യക്തമാക്കി.

കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. കീഴ്‌ക്കോടതി ആവശ്യം തള്ളിയതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു വിവിധ നിയമങ്ങൾ പരിശോധിച്ച കോടതി ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി. 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്‌ഷൻ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവുമായി ചേർന്നു പോകുന്നില്ല.

സെക്‌ഷൻ 3 അനുസരിച്ച് പാരമ്പര്യ സ്വത്തിൽ ആർക്കും ജന്മാവകാശമില്ല എന്നു പറയുമ്പോൾ സെക്‌ഷൻ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവർക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്. എന്നാൽ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നു പറയുന്നു. ഈ സാഹചര്യത്തിൽ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്നും കോടതി വ്യക്തമാക്കി.

കേരള ഹിന്ദു കുടുംബങ്ങളിലെ പെൺമക്കൾക്കു പൂർവിക സ്വത്തിൽ അവകാശം നിഷേധിക്കുന്നതിനു പ്രധാനമായി നിന്നതായിരുന്നു 1975ലെ നിയമത്തിലെ വ്യവസ്ഥകളെന്നു കോടതി ചൂണ്ടിക്കാട്ടി. ‘മകളിൽ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു’ തുടങ്ങിയ പുരാണത്തിൽനിന്നുള്ള കാര്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്‍ ഉത്തരവ് തുടങ്ങുന്നത്.

‘10 ആൺമക്കള്‍ക്ക് തുല്യമാണ് ഒരു മകൾ. 10 ആൺമക്കളെക്കൊണ്ടുള്ള ഫലം ഒരു മകൾ‍ തരും’ എന്ന സ്കന്ദപുരാണത്തിൽനിന്നുള്ള വാക്യവും ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ പെൺമക്കള്‍ക്കുള്ള പിതൃസ്വത്തിന്റെ പിന്തുടർച്ചാവകാശ കാര്യത്തിൽ ഇക്കാര്യങ്ങള്‍ കാണാറില്ല എന്നു പറഞ്ഞുകൊണ്ടാണ് സ്വത്തിൽ തുല്യാവകാശം ഉറപ്പിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

Relief order for daughters; Equal rights in family property should be given - High Court

Next TV

Top Stories










//Truevisionall