കോന്നി: ( www.truevisionnews.com )പയ്യനാമൺ അടുകാട് ചെങ്കുളം പാറമടയിൽ പാറ ഇടിഞ്ഞു വീണ് കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി. ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച അതിഥിത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു.
ഒഡീഷ കാൺധമാൽ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവർ ബിഹാർ സിമർല ജമുയ് ഗ്രാം സിമർലിയ അജയ് കുമാർ റായിയെ (38) ആണ് കാണാതായത്. പാറ ഇടിയുന്നതിനാൽ ദൗത്യം സങ്കീർണമാണ്.
.gif)

ആഴമേറിയ വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. മണിക്കൂറുകൾക്ക് ശേഷം വൈകിട്ട് 6.15നാണ് മറ്റൊരു യന്ത്രം എത്തിച്ച് പാറ പൊട്ടിച്ച ശേഷം വഴിയൊരുക്കി അഗ്നിരക്ഷാസേന മൃതദേഹം കിടന്നിരുന്ന ഭാഗത്ത് എത്തിയത്.
യന്ത്രമുപയോഗിച്ച് പാറ മാറ്റിയാണു മൃതദേഹം പുറത്തെടുത്തത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Mission complicated; NDRF team on search; Rescue operations continue in Konni Paramada accident
