കോഴിക്കോട്: ( www.truevisionnews.com) മൂന്നര പതിറ്റാണ്ട് മുമ്പ് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം വഴിത്തിരിവിലേക്ക്. 1986ല്‍ കൂടരഞ്ഞിയിൽ നടന്ന ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി.
എറണാകുളം സ്വദേശിയായ തോമസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് 39 വർഷം മുൻപുള്ള കൊലക്കേസ് അന്വേഷിച്ചവരിൽ ഒരാൾ.1986ൽ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായിരുന്നു തോമസ്. നിലവിൽ വിശ്രമ ജീവിതം നയിക്കുന്ന തോമസിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ടന്വേഷിക്കും. ഇന്ന് തന്നെ തിരുവമ്പാടി പൊലീസ് എറണാകുളത്ത് എത്തും.
.gif)

അന്നത്തെ പോസ്റ്റ്മോർട്ടം വിവരങ്ങൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിനെയും പോലീസ് സമീപിച്ചിട്ടുണ്ട്. അന്ന് മരിച്ചയാള്‍ ഇരിട്ടി സ്വദേശിയായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോഴിക്കോട്ടെ നാല്പത് വർഷം പഴക്കമുള്ള മിസ്സിംഗ് കേസുകളിൽ തുടർ പരിശോധനയ്ക്കും പൊലീസ് നീക്കം നടത്തുകയാണ്. മുഹമ്മദ് വെളിപ്പെടുത്തിയ ബീച്ചിലെ കൊലപാതകത്തിലും മറ്റു വിവരങ്ങൾ പോലീസ് തേടിയിട്ടുണ്ട്.
വെള്ളയില്‍ ബീച്ചില്‍ വെച്ച് സുഹൃത്തായ ബാബുവിനൊപ്പം കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ എട്ടംഗ ക്രൈംസ്ക്വാഡ് ആണ് അന്വേഷണം നടത്തുന്നത്.വെള്ളയില്‍ ബീച്ചില്‍ 1989ല്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്‍റെ രേഖകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.കോടതിയില്‍ ഇത് സംബന്ധിച്ച രേഖകൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. മുഹമ്മദലിക്കൊപ്പമുണ്ടായിരുന്ന ബാബുവെന്നയാളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
Crucial to Muhammad Ali's revelation, the police officer who investigated the mysterious death has been identified.
